സംസ്ഥാനത്തെ 50000 ത്തോളം കോളേജ് വിദ്യാർഥികള്‍ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതിയുമായി അസാപ് കേരള

ആർട്ടിഫിഷ്യല്‍ ഇന്റലിജിൻസ്, ഡിജിറ്റല്‍ സ്കില്‍സ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അസാപ് കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ..
ഓരോ കോളേജില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർഥിക്ക് പരിശീലനം നല്‍കി അവരെ സ്കില്‍ ചാമ്ബ്യന്മാരായി പ്രഖ്യാപിക്കുകയും അവരിലൂടെ കോളേജിലുള്ള മുഴുവൻ വിദ്യാർഥികള്‍ക്കും പരിശീലനം നല്‍കുകയും ചെയ്യുന്ന തരത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരേ സമയം പരിശീലനം നേടാനും പരിശീലകനാകുവാനുള്ള ആദ്യ അവസരവും വിദ്യാർഥികള്‍ക്ക് ലഭിക്കും.
അതോടൊപ്പം അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സാങ്കേതിക തൊഴില്‍ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ IEEE മായി ചേർന്ന് വിദ്യാർഥികള്‍ക്കായി ഒരു AR/VR ഓണ്‍ലൈൻ വർക്ഷോപ്പും നടത്തുന്നു.
വർഷങ്ങളായി ഡിജിറ്റല്‍ നൈപുണ്യം, നിർമിത ബുദ്ധി, (AI), ക്ലൗഡ് കമ്ബ്യൂട്ടിങ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ് തുടങ്ങിയവയില്‍ വൈവിധ്യമാർന്ന കോഴ്സുകള്‍ വിജയകരമായി നടത്തിവരുന്ന അസാപ് കേരള കൂടുതല്‍ വിദ്യാർഥികളിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യതകള്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടമായാണ് 50000 വിദ്യാർഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കിയത്