ഏലം, കുരുമുളക് വിലകളില്‍ ഉയർച്ച; നഷ്ടം മറികടക്കാനാകുമെന്ന് പ്രതീക്ഷയിൽ കര്‍ഷകര്‍

ഏലം, കുരുമുളക് വിലകളില്‍  ഉയർച്ച; നഷ്ടം മറികടക്കാനാകുമെന്ന് പ്രതീക്ഷയിൽ കര്‍ഷകര്‍

ഇടുക്കി: ഉത്പാദനം കുറഞ്ഞെങ്കിലും കുരുമുളകിനും ഏലത്തിനും ഉയർന്നവില ലഭിക്കുന്നത് ഹൈറേഞ്ച് കർഷകര്‍ക്ക് ആശ്വാസമായി. കഴിഞ്ഞ വര്‍ഷങ്ങളിലെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിലവിലെ വിലനിലവാരം തുടരുകയാണെങ്കില്‍ കഴിഞ്ഞ കാലത്തെ സാമ്പത്തിക ക്ഷാമം അതിജീവിക്കാനാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

കോവിഡ് കാലത്ത് ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ ഇല്ലാതായതോടെ കിലോയ്ക്ക് 250-270 രൂപയിലായിരുന്നു കുരുമുളകിന്റെ വില. എന്നാല്‍, നിലവില്‍ വില 660 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഏലത്തിനും നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത് — കിലോയിന് 2600 മുതല്‍ 3200 രൂപ വരെ. എന്നിരുന്നാലും പ്രതീക്ഷിച്ച തോതില്‍ ഉത്പാദനം നടന്നില്ലെന്നതും കര്‍ഷകര്‍ക്കിടയില്‍ ചെറിയ ആശങ്ക ഉളവാക്കുന്നുണ്ട്.

വിലയിടിവ് അനുഭവപ്പെട്ട കാലത്ത്, ഹൈറേഞ്ചിലെ പല കര്‍ഷകരും കുരുമുളക് കൃഷിയില്‍ നിന്നും ഭാഗികമായി പിന്മാറുകയായിരുന്നു. ഇതിന്റെ ഫലമായി ഉത്പാദനം കുറയുകയും ഗുണമേന്മയുള്ള കുരുമുളകിന് വിപണിയില്‍ വലിയ ക്ഷാമം രൂപപ്പെടുകയും ചെയ്തു. വില കുറവായ സമയത്ത് വ്യാപാരികള്‍ കൂടുതല്‍ അളവില്‍ മുളക് സംഭരിക്കുകയും നിലവിലെ വിലക്കയറ്റത്തില്‍ വലിയ ലാഭം നേടുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഏലത്തിന് മികച്ച വില ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി വില ഉയർന്ന നിലയിലാണ്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച നടന്ന ഗ്രീൻഹൗസ് കാർഡമം മാർക്കറ്റിംഗ് ഇന്ത്യയുടെ ഇ-ലേലത്തില്‍ കിലോയ്ക്ക് 3120 രൂപ എന്ന റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്. ശരാശരി വില 2718 രൂപയായി. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക കമ്ബോളങ്ങളിലും 2750 രൂപവരെ വില ലഭിച്ചെന്നതായാണ് വിവരം.