ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് സ്കൂളായി
കട്ടപ്പന: വിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് സ്കൂളായി മാറി. നേരിട്ടുള്ള അധ്യാപനത്തോടൊപ്പം ലോകത്തെ അറിവുകൾ വിദ്യാർത്ഥികളുടെ വിരൽത്തുമ്പിലേക്ക് എത്തിക്കുന്നതിലൂടെ പഠനത്തെ കൂടുതൽ ആകർഷകവും വ്യക്തിഗതവുമായ അനുഭവമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ടെക് അവാന്ത്–ഗാർഡ് പങ്കാളിത്തത്തോടെ മൈക്രോസോഫ്റ്റ്, ഇന്റൽ എന്നീ അന്താരാഷ്ട്ര സാങ്കേതിക കമ്പനികളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാർത്ഥികളെ ഭാവിയിലെ സാങ്കേതിക ലോകത്തിന് തയ്യാറാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയർ ഡെവലപ്പർമാരുടെ പരിശീലനവും ഇന്റൽ നൽകിയ ആധുനിക ഗാഡ്ജറ്റുകളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ലാപ്ടോപ്പ് വിതരണം കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. കാർട്ട് ബ്ലാഞ്ച് ഡയറക്ടർ കെ.വി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി.
പ്രോജക്ട് ഇംപാക്ട് മാനേജർ സ്മിത സതീഷ് പരിപാടിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ, പ്രിൻസിപ്പൽ ഫാ. വർഗീസ് എടത്തിച്ചിറ, വൈസ് പ്രിൻസിപ്പൽ ഫാ. അജീഷ് സെബാസ്റ്റ്യൻ, അഡ്മിനിസ്ട്രേറ്റർ ഫാ. ജയിംസ് പ്ലാക്കാട്ട്, പി.ടി.എ പ്രസിഡന്റ് സണ്ണി സേവ്യർ, കോ-ഓർഡിനേറ്റർ ജോജോ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.






