സന്യാസിനികൾക്ക് എതിരെ ചത്തീസ്ഗഢിൽ നടന്ന നടപടി ഭരണഘടനാ ലംഘനം: ചെറുതോണിയിൽ ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം

ചെറുതോണി: ഭരണഘടന തകർക്കാനുള്ള ഏത് ശ്രമത്തെയും ചെറുത്തുതോൽപ്പിക്കുമെന്നും, ഭരണഘടനയെ അവഗണിച്ചാണ് ഛത്തീസ്ഗഢിൽ സന്യാസിനികൾക്കെതിരെ നടപടി നടന്നതെന്നും ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ.ഛത്തീസ്ഗഢിൽ സന്യാസിനികൾക്കെതിരെ നടന്ന അക്രമവും, അന്യായമായ തടവിനും എതിരെ ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതുരശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മതത്തിനതീതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന മിഷനറി പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി ഭാരതത്തിന്റെ മതേതര മൂല്യങ്ങൾക്കെതിരായ കടുത്ത ആക്രമണമാണ്. ആദിവാസി മേഖലകളിൽ വളർച്ചക്കായി പരിശ്രമിക്കുന്ന ശുശ്രൂഷകരെ ജയിലിലടയ്ക്കുന്നത് ന്യായീകരിക്കാനാവില്ല,” - എന്ന് അദ്ദേഹം പറഞ്ഞു.
വഞ്ചിക്കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി രൂപതാ വികാരി ജനറാൾ മോൺ. അബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത റാലി ചെറുതോണി ടൗണിൽ എത്തിച്ചേർന്നപ്പോഴായിരുന്നു പ്രതിഷേധയോഗം.
പ്രതിഷേധയോഗത്തിൽ മോൺ. ജോസ് നരിതൂക്കിൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, സി.ഡോ. പ്രദീപ് സി.എം.സി, കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, കെസിവൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി, മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സെസിൽ ജോസ് എന്നിവർ പ്രസംഗിച്ചു