കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്. ഷംനാദിന്റെ മകൻ എസ്. സെയ്ദലി (22) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 3.30ഓടെ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനും ബസ് ബേയ്ക്കും ഇടയിലായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസ് ചിന്നക്കട ബസ് ബേയിലേക്ക് പ്രവേശിക്കുന്നതിനിടെ സെയ്ദലി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽപ്പെട്ട സെയ്ദലിയെ പത്ത് മീറ്ററിലധികം ദൂരം ബസ് വലിച്ചിഴച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിന്നക്കടയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു സെയ്ദലി. അപകടവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ഡിപ്പോയിലെ ബസ് ഡ്രൈവർക്കെതിരെ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
അപകടത്തിൽപ്പെട്ട ബസിന്റെ പിന്നിലെ ടയറുകൾ തേഞ്ഞ നിലയിലായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് അധികൃതർ ബസ് വിശദമായി പരിശോധിക്കും.





