മൂന്നാറിന്റെ ‘പെൺപുലി’; ചരിത്രത്തിലാദ്യമായി വനിതാ എസ്.എച്ച്.ഒ

28-കാരി കൃഷ്ണപ്രിയ ഉണ്ണിക്ക് മൂന്നാർ പോലീസ് സ്റ്റേഷന്റെ പൂർണ ചുമതല

മൂന്നാറിന്റെ ‘പെൺപുലി’; ചരിത്രത്തിലാദ്യമായി വനിതാ എസ്.എച്ച്.ഒ

മൂന്നാർ: ലോക വിനോദസഞ്ചാര ഭൂപടത്തിൽ തനതായ ഇടം നേടിയ മൂന്നാറിന്റെ പോലീസ് ചരിത്രത്തിൽ പുതിയ അധ്യായം. മൂന്നാർ പോലീസ് സ്റ്റേഷന്റെ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതാ സബ് ഇൻസ്‌പെക്ടർ ഏറ്റെടുത്തു. ഇടുക്കി കട്ടപ്പന നരിയംപാറ സ്വദേശിനിയായ 28-കാരി കൃഷ്ണപ്രിയ ഉണ്ണിയാണ് മൂന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റത്.

പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടർമാരെ വീണ്ടും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിക്കുന്നതിന്റെ ഭാഗമായാണ് കൃഷ്ണപ്രിയയ്ക്ക് മൂന്നാർ സ്റ്റേഷന്റെ പൂർണ ചുമതല ലഭിച്ചത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിൽ വനിതാ എസ്.എച്ച്.ഒ ചുമതലയേൽക്കുന്നത് ഇതാദ്യമായാണ്.

Slide 1
Slide 2
Slide 3
Slide 4

ചുരുങ്ങിയ സർവീസ് കാലയളവിൽ നിർണായക ചുമതല

2024 ബാച്ച് സബ് ഇൻസ്‌പെക്ടറായ കൃഷ്ണപ്രിയ പരിശീലനത്തിന് ശേഷം കണ്ണൂർ ജില്ലയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഏകദേശം ഒരു മാസം മുൻപാണ് മൂന്നാർ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ സ്ഥലം മാറിയതിനെ തുടർന്ന് കൃഷ്ണപ്രിയയുടെ സേവന മികവും പ്രവർത്തന പരിചയവും പരിഗണിച്ചാണ് എസ്.എച്ച്.ഒയുടെ ചുമതല ഏൽപ്പിച്ചത്.

കട്ടപ്പന നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി. ഉണ്ണി–സുമ ദമ്പതികളുടെ മൂത്ത മകളാണ് കൃഷ്ണപ്രിയ. ചെറുപ്പം മുതൽ തന്നെ സിവിൽ സർവീസിലും പോലീസ് സേനയിലും താൽപര്യമുണ്ടായിരുന്ന ഇവർ കഠിനാധ്വാനത്തിലൂടെയാണ് പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടർ പദവിയിലെത്തിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അനന്ദുദാസാണ് ഭർത്താവ്.

Slide 1
Slide 2
Slide 3
Slide 4

വെല്ലുവിളികൾ നിറഞ്ഞ മൂന്നാർ

Slide 1
Slide 2
Slide 3
Slide 4

ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികളും വിവിധ തരത്തിലുള്ള കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനുകളിലൊന്നാണ് മൂന്നാർ. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, ഭൂമി-അതിർത്തി തർക്കങ്ങൾ, ഗതാഗതക്കുരുക്ക്, വിനോദസഞ്ചാരികളുടെ സുരക്ഷ, ലഹരി ഉപയോഗവും കടത്തും തുടങ്ങിയ നിരവധി വിഷയങ്ങളാണ് മൂന്നാർ പോലീസിന് മുന്നിലുള്ളത്.

പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനൊപ്പം സഞ്ചാരികളുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും പ്രധാന ഉത്തരവാദിത്തങ്ങളാണ്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ സാന്നിധ്യം കൂടിയ മേഖല എന്ന നിലയിലും മൂന്നാർ പോലീസ് സ്റ്റേഷന്റെ ചുമതലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

സുരക്ഷയ്ക്കും ലഹരിവിരുദ്ധ നടപടികൾക്കും മുൻഗണന

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും തോട്ടം മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമാണ് പ്രഥമ പരിഗണനയെന്ന് കൃഷ്ണപ്രിയ വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

പോലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും പ്രത്യേകിച്ച് സ്ത്രീകൾക്ക് സൗഹൃദപരമായ പോലീസ് സേവനം ഉറപ്പാക്കുന്നതിനും ശ്രദ്ധ നൽകും. ഹൈറേഞ്ചിന്റെ ഭൂപ്രകൃതിയും സവിശേഷ സാഹചര്യങ്ങളും മനസ്സിലാക്കി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന പോലീസ് സംവിധാനമാണ് ലക്ഷ്യമെന്നും കൃഷ്ണപ്രിയ പറയുന്നു.

യുവതികൾക്ക് പ്രചോദനമായി ‘പെൺപുലി’

വെല്ലുവിളികൾ ഏറെയുള്ള ഹൈറേഞ്ചിലെ പ്രധാന പോലീസ് സ്റ്റേഷന്റെ തലപ്പത്ത് ഒരു യുവ വനിതാ ഓഫീസർ എത്തിയത് സ്ത്രീകൾക്ക് പുതിയ ആത്മവിശ്വാസം നൽകുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

നിശ്ചയദാർഢ്യത്തോടെയും കാര്യക്ഷമതയോടെയും ചുമതല ഏറ്റെടുത്ത കൃഷ്ണപ്രിയ ഉണ്ണിക്ക് മുന്നിൽ മൂന്നാറിന്റെ ക്രമസമാധാന രംഗത്ത് വലിയ ഉത്തരവാദിത്തങ്ങളാണ് ഇനി. മൂന്നാറിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച ഈ ‘പെൺപുലി’യുടെ പ്രവർത്തനങ്ങൾക്കായി ഉറ്റുനോക്കുകയാണ് നാട്ടുകാരും വിനോദസഞ്ചാര മേഖലയിലുള്ളവരും.