കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകൾ: കൃഷിമന്ത്രി

കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകൾ: കൃഷിമന്ത്രി

കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി ടി. സിദ്ദിഖ്. നിലവിൽ ജില്ലാതലത്തിൽ മാത്രമുള്ള മണ്ണ് പരിശോധനാ ലാബുകൾ അപര്യാപ്തമാണെന്നും താലൂക്ക് അടിസ്ഥാനത്തിൽ ലാബുകൾ സ്ഥാപിക്കണമെന്ന ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം.

വിപണിയിൽ വിൽക്കുന്ന ജൈവവളങ്ങളുടെയും ജീവാണുവളങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ ജില്ലാ അടിസ്ഥാനത്തിലെങ്കിലും ബയോ കൺട്രോൾ ലാബുകൾ സ്ഥാപിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. ഇത് കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്നതിനൊപ്പം അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യവും സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

Slide 1
Slide 2
Slide 3
Slide 4

ഇൻഫാം കർഷകദിനാചരണവും കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ഇൻഫാം ആവിഷ്കരിച്ച ‘പച്ചപ്പൊലിമ’ പഞ്ചവത്സര പദ്ധതിയുമായി സഹകരിച്ച് കൃഷിവകുപ്പ് പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സുഭിക്ഷ ഭാരതത്തിനായി സുരക്ഷിത ഭക്ഷണം ഒരുക്കാൻ ഇൻഫാം നടപ്പാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനായി സ്കൂൾതലത്തിൽ കാർഷിക ക്ലബ്ബുകൾ ആരംഭിച്ചുവരികയാണ്. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതിയും കൃഷിവകുപ്പ് നടപ്പാക്കും. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

വന്യമൃഗശല്യം തടയുന്നതിനായി 192 കോടി രൂപ വനംവകുപ്പിന് കൈമാറി പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകുന്നതായും മന്ത്രി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

അന്നദാതാക്കളായ കർഷകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി കാർഷികജില്ലാ സഹ രക്ഷാധികാരി ഫാ. ഡോ. ജോസഫ് വെള്ളമറ്റം പറഞ്ഞു. പഠനത്തിൽ കൃഷി ഒരു വിഷയമായി പരിഗണിച്ച് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സർക്കാർ തീരുമാനം ശ്ലാഘനീയമാണെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലാ സഹ രക്ഷാധികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, അവാർഡ് ജേതാക്കളുടെ രക്ഷിതാക്കളുടെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലിൽ, മഹിളാ സമാജ് വൈസ് പ്രസിഡന്റ് ആൻസമ്മ സാജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

സംഘടനാംഗങ്ങളായ കർഷകരുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂർ കാർഷികജില്ലകളിൽ നിന്നുള്ള 238 വിദ്യാർഥികൾക്ക് സ്വർണനാണയം, ഫലകം, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകി. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളെയും ആദരിച്ചത് ശ്രദ്ധേയമായി.

വിവിധ കാർഷികജില്ലകളുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ ഇൻഫാം കിസാൻ എക്സിക്യൂട്ടീവ് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു. ഇൻഫാം അംഗങ്ങളായ കർഷകരിൽ നിന്ന് സമാഹരിച്ച കാർഷികവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് നൽകുന്ന ഇൻഫാം കിസാൻ ഫെയർ ട്രേഡ് പ്രീമിയത്തിന്റെ വിതരണവും ചടങ്ങിൽ നടന്നു.