ഛത്തീസ്ഗഢ് അറസ്റ്റ്: മതേതരത്വത്തിന് കളങ്കം; പുറ്റടിയിൽ ഓർത്തഡോക്സ് യുവജന പ്രസ്ഥാനം പ്രതിഷേധിച്ചു

ഛത്തീസ്ഗഢ് അറസ്റ്റ്: മതേതരത്വത്തിന് കളങ്കം; പുറ്റടിയിൽ ഓർത്തഡോക്സ് യുവജന പ്രസ്ഥാനം പ്രതിഷേധിച്ചു

പുറ്റടി: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ് രാജ്യത്തിൻ്റെ മതേതരത്വത്തിന് ഗുരുതരമായ കളങ്കമാണെന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം. ഇന്ത്യയുടെ മതേതര സ്വഭാവവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ഭരണകൂടങ്ങൾ പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും, ഭരണഘടനയെ അവഗണിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ബന്ധപ്പെട്ട സർക്കാരുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ ഉടൻ പിൻവലിക്കണമെന്ന് യുവജന പ്രസ്ഥാനം ആവശ്യപ്പെട്ടു.

ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പുറ്റടി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സദസിലാണ് ഈ ആവശ്യമുയർന്നത്.

മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസാണ് സദസ്സ് ഉദ്ഘാടനം ചെയ്തത്. ഫാ. കെ. ടി. ജേക്കബ് കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു.

സദസ്സിൽ യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി അജു ജേക്കബ്, ഫാ. സാജൻ സ്കാറിയാ, നിഖിൽ യോഹന്നാൻ, ജസ്റ്റിൻ സ്കറിയ, സന്തോഷ്, ലിജിൻ, മനു ജോയ്‌സ്, ആഷിൻ മോൻസി എന്നിവർ പ്രസംഗിച്ചു. വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.