ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം പാചകവാതകം; ഹോട്ടലുകൾക്ക് നിയന്ത്രണം

ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം പാചകവാതകം; ഹോട്ടലുകൾക്ക് നിയന്ത്രണം

ന്യൂഡൽഹി: പാചകവാതകം (എൽപിജി) ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന നിർണായക തീരുമാനം കേന്ദ്രസർക്കാർ എടുത്തു. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും മറ്റ് വ്യവസായ ആവശ്യങ്ങൾക്കുമായി ഗാർഹിക സിലിണ്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതാണ് പുതിയ ഉത്തരവ്.

Slide 1
Slide 2
Slide 3
Slide 4

വിതരണം കാര്യക്ഷമമായി ഉറപ്പാക്കുന്നതിനായി പ്രത്യേക സമിതിയെയും കേന്ദ്രം നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്നതാണ് ഈ സമിതി.

ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എൽപിജി തടസ്സമില്ലാതെ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവ ഉയർത്തുന്ന പരാതികൾ സമിതി പരിശോധിക്കും.

ഇതിനിടെ ഗാർഹിക സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം പെട്രോളിയം ഉൽപന്നങ്ങളും പ്രകൃതിവാതകവും ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന്, അവശ്യവസ്തു നിയമം (1955) ബാധകമാക്കിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചത്.

രാജ്യത്ത് ഏകദേശം 33.2 കോടി എൽപിജി ഉപഭോക്താക്കളെ പ്രകൃതിവാതക ദൗർലഭ്യം ബാധിക്കാതിരിക്കാൻ മുൻകരുതലായി ഈ തീരുമാനമെടുത്തതാണെന്ന് കേന്ദ്രം വ്യക്തമാക്കി.