സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കി
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു.
സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളാക്കി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയത്.
ആകെ 30,471 പോളിംഗ് ബൂത്തുകളിലായി 2,500 ക്രിറ്റിക്കൽ ബൂത്തുകൾ ഉൾപ്പെടെ 28,209 സ്പെഷ്യൽ പൊലീസ് ഓഫീസർമാർ അടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ലോക്കൽ പൊലീസിന് പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് വിഭാഗങ്ങളിലെ സേനാംഗങ്ങളും ഡ്യൂട്ടിക്കായി രംഗത്തുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്‌നാട് പൊലീസും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഡിജിപി വ്യക്തമാക്കി.





