കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല; പോളിംഗിനായി സംസ്ഥാനത്ത് കാത്തിരിപ്പ്
മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക.
നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആവേശക്കൊടുമുടിയില്‍ എത്തി കൊട്ടിക്കലാശത്തോടെ സമാപിച്ചു. സംസ്ഥാനത്തെ വിവിധ മുന്നണികള്‍ വൻ പ്രചാരണ റാലികളുമായി രംഗത്തെത്തിയതോടെ നാടും നഗരവും രാഷ്ട്രീയ ആവേശത്തില്‍ മുങ്ങി. മണ്ഡലങ്ങളിലെ വോട്ടർമാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടികളും മുന്നണി നേതാക്കളും. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.
മൂന്നു ആഴ്ചയിലേറെ നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്നോടെ അവസാനമായത്. കടുത്ത വേനല്‍ച്ചൂടിനെയും വകവെക്കാതെ റോഡ് ഷോകള്‍, പൊതുയോഗങ്ങള്‍, വീടുതോറും വോട്ട് തേടല്‍ എന്നിവയിലൂടെ മുന്നണികള്‍ ശക്തമായ പ്രചാരണം നടത്തി. ആരോപണ-പ്രത്യാരോപണങ്ങള്‍ നിറഞ്ഞ പ്രചാരണരംഗം സംസ്ഥാനത്ത് അപൂര്‍വമായ രാഷ്ട്രീയ ചൂടാണ് സൃഷ്ടിച്ചത്. തങ്ങള്‍ വിജയം ഉറപ്പിച്ചതായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിച്ചു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി നടന്ന കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തമാണ് ശ്രദ്ധേയമായത്. പാര്‍ട്ടി പതാകകളുമായി എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒഴുകിയെത്തി. ക്രെയിനുകളില്‍ കയറി സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതും ടിപ്പറുകളിലും ലോറികളിലും നിറഞ്ഞ പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിന് നിറംകൂട്ടി. ചിലയിടങ്ങളില്‍ ആവേശം അതിരുവിട്ടതോടെ ചെറിയ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, തൃശൂരില്‍ പുലികളുടെയും റോബോട്ടിക് ആനയുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയമായി. വിവിധ മണ്ഡലങ്ങളില്‍ കലാപരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചതോടെ കൊട്ടിക്കലാശം ആഘോഷമൂഡിലേക്ക് മാറി.
നാളെ നിശബ്ദപ്രചാരണം
പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ നിശബ്ദപ്രചാരണം ആരംഭിക്കും. ഓരോ വോട്ടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ വീടുതോറും സന്ദര്‍ശനം നടത്തും. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.
ഇത് പ്രകാരം പൊതുയോഗങ്ങള്‍, മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചാരണം, വിനോദ പരിപാടികള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
എല്‍ഡിഎഫ് തുടരുമോ, യുഡിഎഫ് ഭരണം പിടിക്കുമോ, എന്‍ഡിഎ അട്ടിമറി സൃഷ്ടിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാന്‍ ഇനി കാത്തിരിപ്പ്. വോട്ടെണ്ണല്‍ നടക്കുന്ന മെയ് നാലിന് കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.





