ലഹരി ഉപയോഗത്തിനെതിരെ കർശന നടപടി; ജില്ലയിൽ സംയുക്ത പരിശോധന ശക്തമാക്കും
ജില്ലയിൽ അനധികൃത ലഹരി ഉപയോഗം കണ്ടെത്തുകയും തടയുകയും ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന നാർകോ കോ ഓർഡിനേഷൻ സെന്റർ (എൻകോർഡ്) ജില്ലാതല യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. പോലീസ്, എക്സൈസ്, റെയിൽവേ സുരക്ഷാ സേന, ഡ്രഗ്സ് കൺട്രോൾ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് പരിശോധനകൾ നടത്തുക. ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കും. സ്‌കൂളുകളുടെയും കോളജുകളുടെയും 500 മീറ്റർ പരിധിയിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപനയും ഉപയോഗവും ഇല്ലെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. ലഹരി ഉപയോഗം കണ്ടെത്തുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗും പുനരധിവാസ സഹായവും നൽകും.
ജില്ലയിലെ ഡ്രഗ് ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി കൂടുതൽ പരിശോധനകൾ ശക്തമാക്കും. കുറിയർ സർവീസുകൾ വഴി ലഹരി എത്താനുള്ള സാധ്യതകളും നിരീക്ഷണ വിധേയമാക്കും. ലഹരി മോചന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കാൻ യോഗം നിർദ്ദേശം നൽകി.
ലഹരിസംബന്ധമായ വിവരങ്ങൾ ദേശീയ നാർകോട്ടിക്സ് പോർട്ടലായ “മാനസ്” ഹെൽപ് ലൈൻ 1933-ൽ അറിയിക്കാം. ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് 14405 എന്ന ടോൾഫ്രീ നമ്പരിലൂടെ വിമുക്തി ബോധവത്കരണ മിഷനുമായി ബന്ധപ്പെടാം.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എ.ഡി.എം. ലിറ്റി ജോസഫ്, കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.




