കനത്ത ചൂട്: സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം — ജില്ലാ കളക്ടർ

കനത്ത ചൂട്: സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം — ജില്ലാ കളക്ടർ

ജില്ലയിൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിവിധ വകുപ്പുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദേശിച്ചു. ഉയർന്ന താപനില ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്.

ആരോഗ്യ മേഖലയിൽ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിലും ആംബുലൻസുകളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ ഉറപ്പാക്കണം. ജോലി സമയം പുനഃക്രമീകരിച്ചുള്ള ഉത്തരവ് കർശനമായി നടപ്പാക്കാനും തൊഴിൽ വകുപ്പ് നിർദേശിച്ചു.

പകൽ 11 മുതൽ 3 വരെ പൊതുപരിപാടികൾ, യോഗങ്ങൾ, കായിക-കലാ പരിപാടികൾ എന്നിവ ഒഴിവാക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും സമയക്രമം മാറ്റണം. തീപിടിത്ത സാധ്യത കണക്കിലെടുത്ത് വെടിക്കെട്ടുകളും ആന എഴുന്നള്ളിപ്പും പരമാവധി ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.

പ്രധാന മുൻകരുതലുകൾ:

പകൽ സമയത്ത് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക

ധാരാളം വെള്ളം കുടിക്കുക; വായുസഞ്ചാരം ഉറപ്പാക്കുക

ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

കുട, പാദരക്ഷ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക

കുട്ടികൾ, വയോധികർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കുക

തളർച്ച അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക

വകുപ്പുതല നിർദ്ദേശങ്ങൾ:

ആരോഗ്യ വകുപ്പ്: കിടക്ക, മരുന്ന്, ആംബുലൻസ്, പ്രഥമശുശ്രൂഷ എന്നിവ ഉറപ്പാക്കുക

തൊഴിൽ വകുപ്പ്: ജോലി സമയം ക്രമീകരണം കർശനമായി നടപ്പാക്കുക; തൊഴിലാളികൾക്ക് തണലും വെള്ളവും ഉറപ്പാക്കുക

വിദ്യാഭ്യാസ വകുപ്പ്: അവധിക്കാല ക്ലാസുകളും ക്യാമ്പുകളും ഒഴിവാക്കുക

പോലീസ്: പുറം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി വെള്ളവും വിശ്രമ സൗകര്യവും ഒരുക്കുക; യൂണിഫോമിൽ ഇളവ് പരിഗണിക്കുക

കുടിവെള്ള വിതരണം ശക്തമാക്കുന്നതിനും തണ്ണീർ പന്തലുകൾ ഒരുക്കുന്നതിനും പ്രാദേശിക സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കണമെന്നും നിർദേശം നൽകി. മൃഗങ്ങൾക്കും വെള്ളവും തണലും ലഭ്യമാക്കണം.

ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ചു.