ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍ : നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍
സംസ്ഥാനത്താകെ 17,565 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. 20,028 സര്‍വീസ് പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി തിരികെ ലഭിച്ചതോടെ ആകെ പോളിങ് ഏകദേശം 79.70 ശതമാനമായി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്താകെ 17,565 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷാ ചുമതലയിലേക്ക് 32,301 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ പൂര്‍ത്തിയായ ശേഷമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയുള്ളൂ. ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ രാവിലെ ഏഴിന് തുറക്കും. മുഴുവന്‍ നടപടികളും തത്സമയ വീഡിയോ റെക്കോര്‍ഡിംഗിലൂടെ നിരീക്ഷിക്കും.
വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം 48 മണിക്കൂര്‍ വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകും. നിലവിൽ മെയ് 6 വരെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാണെന്നും, ആവശ്യമായ പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷന് മാറ്റം വരുത്താന്‍ അധികാരമുണ്ടെന്നും രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


