ചാത്തൻപാറ വ്യൂ പോയിന്റില്‍ അപകടങ്ങള്‍ ആവർത്തിക്കുമ്ബോഴും മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന പരാതി ഉയരുന്നു

കാഞ്ഞാർ- വാഗമണ്‍ റോഡിലെ പ്രധാന വ്യൂ പോയിന്റുകളിലൊന്നാണിത്. മൂലമറ്റം ടൗണിന്റെ ഉള്‍പ്പെടെ ഇവിടെ നിന്നുള്ള ദൂരക്കാഴ്ചകളാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ഇതുവഴി പോകുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും വാഹനം നിറുത്തി വിശ്രമിക്കുകയും ചിത്രങ്ങള്‍ പകർത്തുകയും ചെയ്യാറുണ്ട്. എന്നാല്‍, സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോർഡുകളോ ഒരുക്കാൻ നാളിതുവരെ അധികൃതർ തയാറായിട്ടില്ല.
രാത്രികാലത്ത് ഈ ഭാഗത്ത് വെളിച്ചവുമില്ല. മഴക്കാലമായതോടെ റോഡരികില്‍ പായലും വഴുക്കലും ഉള്ളതിനാല്‍ സഞ്ചാരികള്‍ കാല്‍വഴുതി കൊക്കയില്‍ വീഴാനും സാദ്ധ്യതയുണ്ട്. ഇതിനോടകം പത്തോളം പേർ ഇവിടെ മരിച്ചിട്ടുണ്ട്. ഈ വർഷം തന്നെ രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം റിട്ട. വൈദ്യുതി ബോർഡ് എൻജിനീയർ തോബിയാസ് ചാക്കോ (58) മരിച്ചിരുന്നു. ഇതിന് മുമ്ബ് പുതുവത്സരമാഘോഷിക്കാനെത്തിയ എബിൻ മാത്യു (26) മരിച്ചിരുന്നു. കൊക്കയില്‍ വീണ് അദ്ഭുതകരമായി രക്ഷപ്പെട്ടവരുമുണ്ട്. അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും സഞ്ചാരികളാണ്. 500 അടിയിലേറെ താഴ്ചയുള്ള ചെങ്കുത്തായ പാറക്കെട്ടാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ അപകടത്തില്‍പ്പെടുന്നവർ രക്ഷപ്പെടാൻ സാദ്ധ്യത തീരെ കുറവാണ്. ചെറിയൊരു അശ്രദ്ധ പോലും അപകടത്തിന് കാരണമാകും. വാഗമണ്‍ ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാദ്ധ്യതയുമുണ്ട്
സഞ്ചാരികള്‍ക്ക് ഇവിടെ നിന്നുള്ള കാഴ്ച തടസപ്പെടാത്ത വിധമുള്ള സുരക്ഷാവേലി സ്ഥാപിച്ചാല്‍ അപകടം ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.