വൃദ്ധസദനം' ഇനി 'സ്നേഹാലയം'; പേരുമാറ്റം പൂർണമായി നടപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം
സംസ്ഥാനത്തെ എല്ലാ വൃദ്ധസദനങ്ങളിലും സർക്കാർ പ്രഖ്യാപിച്ച പുതിയ പേര് 'സ്നേഹാലയം' നിർബന്ധമായും ഉപയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. സർക്കാർ ഉത്തരവ് പ്രകാരം എല്ലാ ഔദ്യോഗിക രേഖകളിലും, നെയിം ബോർഡുകളിലും, വെബ്‌സൈറ്റുകളിലും, മറ്റ് പൊതുപ്രയോഗങ്ങളിലും പുതിയ പേര് ഉൾപ്പെടുത്താൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി.
പേരുമാറ്റം രേഖകളിൽ മാത്രം ഒതുങ്ങാതെ പൊതുസമൂഹത്തിലും വ്യാപകമാക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
'വൃദ്ധർ' എന്ന പദം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നതാണെന്നും, കൂടുതൽ മാന്യതയും സ്നേഹവും പ്രതിഫലിപ്പിക്കുന്ന പേരിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു നൽകിയ പരാതിയിലാണ് നടപടി.
2024 ഡിസംബർ 2-ന് സർക്കാർ ഉത്തരവിറക്കി സംസ്ഥാനത്തെ എല്ലാ വൃദ്ധസദനങ്ങളുടെയും പേര് 'സ്നേഹാലയം' എന്നാക്കി മാറ്റിയിരുന്നെങ്കിലും, പല സ്ഥലങ്ങളിലും ഇപ്പോഴും പഴയ പേര് തന്നെ ഉപയോഗിക്കുന്നതായി കമ്മീഷൻ കണ്ടെത്തി.
ഇതിനെ തുടർന്നാണ് പുതിയ പേര് എല്ലാ തലങ്ങളിലും കർശനമായി നടപ്പാക്കാനും പൊതുജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കാനും ആവശ്യമായ ഭരണനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചത്.





