ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്ത് കടലാക്രമണ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം താൽക്കാലികമായി ശമിച്ച മഴ മുന്നറിയിപ്പുകളാണ് ന്യൂനമർദ രൂപീകരണത്തോടെ വീണ്ടും സജീവമായത്.
മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.





