ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവുകൾ ഉപയോഗപ്പെടുത്തി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും: മന്ത്രി ഷിബു ബേബി ജോൺ
കുമളി: കാടിനെക്കുറിച്ച് ആദിവാസി സമൂഹത്തിനുള്ള പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വനസംരക്ഷണത്തിനും പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ആദിവാസി സമൂഹത്തോളം കാടിനെ അടുത്തറിയുന്ന മറ്റൊരു വിഭാഗമില്ലെന്നും അവരുടെ അറിവുകൾ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പ് ആവിഷ്‌കരിച്ച ‘ഊരുണർവ്’ പദ്ധതിയുടെ ഭാഗമായി മന്നാൻ, പളിയ ഊരുകളിലെ നിവാസികളുമായി നടത്തിയ ആശയവിനിമയത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ ഓരോ ഊരിലും നേരിട്ടെത്തി മനസ്സിലാക്കി പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുമളി ഇക്കോ ടൂറിസം വികസനത്തിനായി 50 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും, ഇതിൽ മുടങ്ങിക്കിടക്കുന്ന ടൈഗർ മ്യൂസിയം പുനരുദ്ധരിക്കുന്നതിന് 20 കോടി രൂപ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം പദ്ധതികളുമായി ആദിവാസി സമൂഹത്തെ കൂടുതൽ ബന്ധപ്പെടുത്തി അവർക്ക് സ്ഥിരമായ വരുമാനമാർഗങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇവ രേഖപ്പെടുത്തി സംരക്ഷിക്കണം. വനസംരക്ഷണവും വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ആദിവാസി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വൈൽഡ്‌ലൈഫ് ബോർഡിൽ ആദ്യമായി ആദിവാസി സമൂഹത്തിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. മന്നാൻ സമൂഹത്തിലെ രാമൻ രാജ മന്നാനും നിലമ്പൂർ ചോലനായ്ക്ക സമൂഹത്തിലെ വിനോദും ബോർഡിൽ അംഗങ്ങളായിട്ടുണ്ട്.
കുടിവെള്ളം, റോഡ്, വഴിവിളക്ക്; പരിഹാരം കാണും
ഊരുകളിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഊരുകളിലേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും. മുളയുടെ ലഭ്യതക്കുറവ് മൂലം ചങ്ങാടങ്ങൾ നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മത്സ്യബന്ധന ഇ.ഡി.സി.കൾക്ക് ഫൈബർ ബോട്ടുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തേക്കടിയിൽ വിവിധ ഇ.ഡി.സി.കളിലൂടെ നിലവിൽ 200ഓളം പേർക്ക് താൽക്കാലിക തൊഴിലും 43 പേർക്ക് വാച്ചർ തസ്തികയിൽ സ്ഥിരം ജോലിയും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യ-വന്യജീവി സംഘർഷം മേഖലയിൽ കുറഞ്ഞുവരുന്നതായും ഇ.ഡി.സി.കൾ രൂപീകരിച്ചതോടെ ഇടനിലക്കാരുടെ ചൂഷണം പൂർണമായും ഇല്ലാതായതായും മന്നാൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഷാജി പനയൻ, ബിജു ടി. എന്നിവർ പറഞ്ഞു. വാച്ചർ നിയമനത്തിൽ വനിതകളെയും പരിഗണിക്കണമെന്ന് സുനിത ആവശ്യപ്പെട്ടു. കോവിൽമല ടൂറിസം പദ്ധതി നടപ്പാക്കണമെന്നും കോഴിമല രാജാവ് രാമൻ രാജ മന്നാൻ ആവശ്യപ്പെട്ടു.
പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. പ്രമോദ് ജി. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, ഡി.എഫ്.ഒ ലക്ഷ്മി, വിവിധ ഇ.ഡി.സി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പരിസ്ഥിതി പ്രവർത്തകനും വനസംരക്ഷകനുമായ അരുവിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. 15 സ്വാശ്രയ സംഘങ്ങൾ നടത്തുന്ന വൻ ധൻ വികാസ് കേന്ദ്രയുടെ വർക്ക്‌ഷോപ്പും മന്ത്രി സന്ദർശിച്ചു. മന്നാക്കുടിയിൽ പരമ്പരാഗത പാട്ടും പളനിക്കുടിയിൽ പളനി നൃത്തവും അവതരിപ്പിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് തേക്കടി ബാംബൂ ഗ്രോവിൽ വിവിധ ഇ.ഡി.സി. അംഗങ്ങളുമായി മന്ത്രി ആശയവിനിമയം നടത്തി.
നിലവിൽ 164 കുടുംബങ്ങളിലായി 450 പേർ പളിയ ഊരുകളിലും 357 കുടുംബങ്ങളിലായി 1,266 പേർ മന്നാൻ ഊരുകളിലും താമസിക്കുന്നുണ്ട്. വനവിഭവ ശേഖരണം, മത്സ്യബന്ധനം, കുരുമുളക് കൃഷി തുടങ്ങിയ പരമ്പരാഗത ഉപജീവനമാർഗങ്ങളോടൊപ്പം ഇ.ഡി.സി. പ്രവർത്തനങ്ങളിലൂടെയും ടൂറിസം മേഖലയിലൂടെയും ഇവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിടുന്നതാണ് സർക്കാരിന്റെ സമീപനം.





