ജീവൻ രക്ഷിച്ചു; പുരസ്‌കാരത്തുകയും ചികിത്സയ്ക്കായി നൽകി: നന്മയുടെ മാതൃകയായി അച്ഛനും മകനും
റോഡപകടത്തിൽപ്പെട്ട അപരിചിതന്റെ ജീവൻ രക്ഷിച്ച അച്ഛനും 12 വയസുകാരനായ മകനും ലഭിച്ച പുരസ്‌കാരത്തുക മുഴുവൻ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നൽകി. വണ്ണപ്പുറം പുതുപ്പറമ്പിൽ ബേബിയും മകൻ ആൽഫ്രഡുമാണ് മനുഷ്യത്വത്തിന്റെ മാതൃകയായത്.
2025 നവംബർ 16ന് രാത്രി വണ്ടമറ്റം ബൈപ്പാസിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് റോഡരികിൽ ചോരയിൽ കുളിച്ച് ബോധരഹിതനായി കിടന്ന തൊടുപുഴ സ്വദേശി റെജികുമാറിനെ ഇരുവരും കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിയെടുത്ത് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന റെജികുമാറിനെ പിന്നീട് കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
റോഡപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന സാധാരണക്കാരെ ആദരിക്കുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ഏർപ്പെടുത്തിയ ‘രാഹ്-വീർ’ പദ്ധതിയുടെ ഭാഗമായി ബേബിക്കും ആൽഫ്രഡിനും 25,000 രൂപയുടെ പുരസ്‌കാരം ലഭിച്ചു.
കാളിയാർ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. എന്നാൽ ലഭിച്ച 25,000 രൂപയുടെ മുഴുവൻ പുരസ്‌കാരത്തുകയും റെജികുമാറിന്റെ ചികിത്സയ്ക്കായി നൽകുമെന്ന് ബേബി പ്രഖ്യാപിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ജോലി ചെയ്യാനാകാതെ സാമ്പത്തിക പ്രയാസം നേരിടുന്ന റെജികുമാറിന്റെ അവസ്ഥ മനസിലാക്കിയായിരുന്നു ബേബിയുടെ തീരുമാനം. “ജീവനേക്കാൾ വലുതല്ല മറ്റൊന്നും. ഈ തുക അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഉപകരിക്കട്ടെ” എന്ന ബേബിയുടെ വാക്കുകൾ ചടങ്ങിൽ പങ്കെടുത്തവരെയും നാട്ടുകാരെയും കണ്ണുനനയിച്ചു.
ഒരു ജീവൻ രക്ഷിച്ചതിനൊപ്പം, അപകടത്തിൽപ്പെട്ട കുടുംബത്തിന് താങ്ങാവുകയും ചെയ്ത ബേബിയുടെയും ആൽഫ്രഡിന്റെയും പ്രവർത്തനം സ്വാർത്ഥത നിറഞ്ഞ കാലത്ത് നന്മയുടെയും മനുഷ്യത്വത്തിന്റെയും വലിയ സന്ദേശമായി.
കാളിയാർ സബ് ഇൻസ്‌പെക്ടർ വി.വി. വിഷ്ണു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ഇരുവരുടെയും മാതൃകാപരമായ ഇടപെടലിനെ അഭിനന്ദിച്ചു.
ചടങ്ങിൽ എസ്.ഐ. ബിജു വർഗീസ്, പൊലീസ് ഉദ്യോഗസ്ഥരായ പി.പി. നിഷാദ്, ജയേഷ് ഭാസ്‌കരൻ, ബിനു ജെ. മാറാട്ട്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈർ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്നമ്മ ജോസഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സജി പോൾ, യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ, സെക്രട്ടറി നൗഷാദ് മലനാട് എന്നിവർ പങ്കെടുത്തു.





