മരണശേഷം 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി
മരണശേഷം 14 അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യാൻ സമ്മതപത്രം നൽകി എഴുത്തുകാരിയും കെ.എം. മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനായ നോട്ടോയിൽ (NOTTO) ആണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്.
ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, ശ്വാസകോശം എന്നിവയുൾപ്പെടെ 14 അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയത്. അവയവദാനത്തിന്റെ സന്ദേശം പങ്കുവെച്ച് നിഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
“എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണം. വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക, മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്നവരോടൊപ്പം കൂടുതൽ സമയം നൽകാൻ കഴിയുന്ന കരൾ, ശ്വാസകോശം, ടിഷ്യൂകൾ, മറ്റ് സമ്മാനങ്ങൾ,” എന്നായിരുന്നു നിഷയുടെ കുറിപ്പ്.
“എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ” എന്ന സന്ദേശത്തോടെയാണ് നിഷ അവയവദാനത്തിന്റെ പ്രാധാന്യം പങ്കുവെച്ചത്.





