ആക്രിക്കടയിൽ നിന്ന് വാഹന എൻജിനുകൾ മോഷ്ടിച്ച കേസ്; രണ്ട് പ്രതികൾ അറസ്റ്റിൽ
കാഞ്ഞാർ: ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ട് പ്രതികളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം, മൂലമറ്റം സ്വദേശികളായ സിയാദ്, നെൽസൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിമണ്ണൂർ സ്വദേശി ആൽവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞാർ പാലത്തിന് സമീപം ഉന്നേച്ചുപറമ്പിൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ എൻജിനുകളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. ഏകദേശം 25,000 രൂപയാണ് എൻജിനുകൾക്ക് വില വരുന്നതെന്ന് സ്ഥാപന ഉടമ പറഞ്ഞു.
പരിസരത്തെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിയാദും നെൽസണും പിടിയിലായത്.





