ആവേശം അലക്കടലോളം; രണ്ടാം സീസൺ ചിരി ക്ലബ്ബിന് സ്വന്തം
കട്ടപ്പനയിൽ നടന്ന വടംവലി മത്സരത്തിൽ മലയാളി ചിരി ക്ലബ് ജേതാക്കളായി. യൂത്ത് വിംഗ് കട്ടപ്പന റണ്ണറപ്പായി.
കട്ടപ്പന: ആവേശം അലകടലായ വടംവലി പോരാട്ടത്തിൽ കിരീടം ചൂടി മലയാളി ചിരി ക്ലബ്. സ്‌കാർഫേസ് സ്‌പോർട്‌സ് ക്ലബ്ബും ജെസിഐ ടൗൺ കട്ടപ്പനയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് വടംവലി മത്സരത്തിലാണ് മലയാളി ചിരി ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യൂത്ത് വിംഗ് കട്ടപ്പന റണ്ണറപ്പായി.
കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ പ്രേംകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. കട്ടപ്പന എസ്.ഐ അജേഷ് വിജയൻ മുഖ്യാതിഥിയായി. ഉദ്ഘാടന സമ്മേളനത്തിൽ ജെസിഐ ടൗൺ കട്ടപ്പന പ്രസിഡന്റ് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സ്‌കാർഫേസ് പ്രസിഡന്റ് സുമിത് മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജിമോൻ എ.കെ. നന്ദിയും പറഞ്ഞു.
ജില്ലയിലെ മികച്ച എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ തുടക്കം മുതൽ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. കരുത്തും കായിക മികവും ഒത്തുചേർന്ന മത്സരത്തിനൊടുവിലാണ് മലയാളി ചിരി ക്ലബ് കിരീടം സ്വന്തമാക്കിയത്.
ജേതാക്കൾക്ക് ഇല ഫാം സ്പൈസസ് കട്ടപ്പന നൽകുന്ന 6001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി ലഭിച്ചു. റണ്ണറപ്പായ യൂത്ത് വിംഗ് കട്ടപ്പനയ്ക്ക് മോഡ് റിച്ച് കോർട്ടിയർ നൽകുന്ന 4001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി നൽകി.
മൂന്നാം സ്ഥാനക്കാരന് ഡീ ഇവന്റ്സ് നാരകക്കാനം സ്പോൺസർ ചെയ്യുന്ന 2001 രൂപയും അജന്ത ഹെയർസ്റ്റൈൽ നൽകുന്ന വാഴക്കുലയും ലഭിച്ചു.





