എഴുകുംവയലിലെ ഇരട്ടക്കൊല: പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും
ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.
പണം നൽകാത്തതിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെയും ബന്ധുക്കൾ ഇടപെട്ട് അജീഷിനെ ലഹരിവിമുക്ത ചികിത്സയ്ക്കായി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
കൊലപാതകത്തിന് പിന്നാലെ പ്രതി പൊലീസിന് നൽകിയ മൊഴിയും ഞെട്ടിക്കുന്നതാണ്. “ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു” എന്ന വിചിത്ര മൊഴിയാണ് അജീഷ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് നാടിനെ നടുക്കിയ ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. കിടപ്പുമുറിയിൽ വച്ച് വത്സമ്മയുടെ കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ആന്റണിയുടെ വയറ്റിലും നെഞ്ചിലും മാരകമായി കുത്തേറ്റിരുന്നു. വത്സമ്മയ്ക്കും നെഞ്ചിൽ കുത്തേറ്റിട്ടുണ്ട്.
ഇരുവരുടെയും മരണം ഉറപ്പാക്കിയശേഷം മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഉപയോഗിച്ച ആയുധം, ലഹരി ഉപയോഗം, കൊലപാതകത്തിന് മുമ്പും ശേഷവും നടന്ന കാര്യങ്ങൾ എന്നിവയിൽ കൂടുതൽ അന്വേഷണം നടത്തും.





