ഇടുക്കി ഡാം എല്ലാ ദിവസവും തുറക്കാൻ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി ഡാം എല്ലാ ദിവസവും തുറക്കാൻ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്

ചെറുതോണി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡീൻ കുര്യാക്കോസ് എം.പിയുടെയും റോയ് കെ. പൗലോസ് എം.എൽ.എയുടെയും അഭ്യർഥനയെ തുടർന്ന് ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് പൊതുജനങ്ങൾക്കായി തുറക്കാൻ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ ഡാം എല്ലാ ദിവസവും സന്ദർശകർക്കായി തുറന്നുകൊടുക്കണമെന്നതാണ് നാടിന്റെ ആവശ്യം. ഇക്കാര്യം കെ.എസ്.ഇ.ബി ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും ചർച്ച ചെയ്ത് ഇടുക്കിക്കാരൻ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ടൂറിസത്തിന് പ്രത്യേക പരിഗണന

ഇടുക്കിയുടെ ടൂറിസം സാധ്യതകളെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് ടൂറിസം കേന്ദ്രസഹായ ഫണ്ട് ഉപയോഗിച്ച് വലിയ വികസന പദ്ധതി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കും. ഡാം സന്ദർശനത്തിനിടെ ടൂറിസം മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും സണ്ണി ജോസഫ് വ്യക്തമാക്കി.

ഇടുക്കി ഡാം ഒരു അത്ഭുതം മാത്രമല്ല, വലിയ എൻജിനീയറിങ് മികവിന്റെ ഉദാഹരണം കൂടിയാണ്. അരനൂറ്റാണ്ട് മുൻപ് ഇത്തരമൊരു എൻജിനീയറിങ് വൈദഗ്ധ്യവും ആർക്കിടെക്ചറൽ മികവും ദീർഘവീക്ഷണവും ഉപയോഗിച്ച് പദ്ധതി യാഥാർഥ്യമാക്കിയ നേതൃത്വത്തെയും എൻജിനീയറിങ് വിഭാഗത്തെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലയുടെ പ്രകൃതിഭംഗി കേരളവും ലോകവും അംഗീകരിച്ചതാണ്. കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന നിലയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഇടുക്കിയുടെ പ്രകൃതിസമ്പത്തിന് വലിയ പങ്കുണ്ട്. സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഒരു ഘട്ടത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 22 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 67 ശതമാനമായിരുന്നു. മഴ ലഭിച്ചതോടെ നിലവിൽ ജലനിരപ്പ് 57 ശതമാനമായി ഉയർന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിപ്രദേശത്തെ സന്ദർശനത്തിന് നിയന്ത്രണം പാടില്ല

കേരളത്തിന്റെ പവർഹൗസായ ഇടുക്കി രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണെന്നും ഇടുക്കിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിഭംഗി സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങൾക്ക് സന്ദർശനാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും യഥാർഥ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ അംഗീകരിച്ച് ആവശ്യമായ അനുമതികൾ നൽകുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾക്കും മെഡിക്കൽ കോളേജിന്റെ വികസനത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി നിയമങ്ങൾ മനുഷ്യർക്കും കർഷകർക്കും ഭൂവുടമകൾക്കും പ്രദേശവാസികൾക്കും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിലപാടിലാണ് സർക്കാർ. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ നയിക്കുന്നതിൽ ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇടുക്കിയിൽ വൻ ടൂറിസം പദ്ധതി: ഡീൻ കുര്യാക്കോസ്

സ്വദേശി ദർശൻ പദ്ധതിയുമായി ബന്ധപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന വൻ പദ്ധതി ഇടുക്കിയിൽ യാഥാർഥ്യമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ഇടുക്കി ഡാമിന്റെ ഇടതുവശത്ത് ഇക്കോ ലോഡ്ജും ലാൻഡ്‌സ്‌കേപ്പിങ്ങും ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി പുതിയ പദ്ധതിയുടെ നിർദേശവും സമർപ്പിക്കും.

ഡാം റിസർവോയറിന്റെ മുൻവശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ രീതിയിൽ, അതിനേക്കാൾ മനോഹരമായ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.പി പറഞ്ഞു. ഇതിനായി കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും സഹകരണം ആവശ്യമാണ്.

കെ.എസ്.ഇ.ബിയുടെ എൻ.ഒ.സി ലഭിക്കുന്നതിന് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡാം സുരക്ഷാ നിയമം നിലവിൽ വന്നതോടെ നിയന്ത്രണങ്ങൾ ശക്തമാണ്. ഡാമിന്റെ 500 മീറ്റർ പരിധിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും അനുമതിയോടെ പദ്ധതി കേന്ദ്രസർക്കാരിന് മുന്നിൽ എത്രയും വേഗം സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ചെറുതോണിയിൽ വർണാഭമായ ഓണം വിളംബര ഘോഷയാത്രയും നടന്നു.

റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.