നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യത; 27ന് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ദേശവ്യാപക പണിമുടക്ക്
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ മുന്നിൽവെച്ച് പ്രഖ്യാപിച്ച ദേശവ്യാപക പണിമുടക്കിനെ തുടർന്ന് രാജ്യത്ത് തുടർച്ചയായി നാല് ദിവസം പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി. ഈ മാസം 27ന് നടക്കുന്ന പണിമുടക്കാണ് ബാങ്ക് സേവനങ്ങൾ മുടങ്ങാൻ കാരണമാകുന്നത്.
24ന് നാലാം ശനിയാഴ്ച, 25ന് ഞായറാഴ്ച, 26ന് റിപ്പബ്ലിക് ദിനം എന്നീ അവധികൾക്ക് പിന്നാലെ 27ന് പണിമുടക്ക് കൂടി വന്നതോടെ ബാങ്കുകൾ നാല് ദിവസം അടഞ്ഞുകിടക്കും. പണിമുടക്ക് പൊതുമേഖലാ ബാങ്കുകളിലേക്കു മാത്രമാണ് പരിമിതപ്പെടുന്നത്.
ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനം അനുവദിക്കണമെന്ന ആവശ്യമാണ് ബാങ്ക് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഉപഭോക്താക്കൾക്ക് ബാങ്കുകൾ ഇതിനകം നൽകിയിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കാൻ മുഖ്യ ലേബർ കമ്മീഷണർ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമിതിയുമായി ചർച്ച നടത്തിയെങ്കിലും യാതൊരു ധാരണയിലും എത്താനായില്ല. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം.
നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. എല്ലാ ശനി, ഞായർ ദിവസങ്ങളും അവധിയാക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. 2024 മാർച്ചിൽ തന്നെ എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നതിന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തമ്മിൽ ധാരണയായിരുന്നുവെന്ന് യൂണിയനുകൾ പറയുന്നു.
തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും അതിനാൽ ആഴ്ചയിലെ പ്രവർത്തിദിനങ്ങൾ കുറയില്ലെന്നുമാണ് ജീവനക്കാരുടെ വാദം. അതേസമയം, പണിമുടക്ക് എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊടാക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കില്ല.






