“രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍ കാത്തിരുന്ന നിമിഷം” — സഞ്ജു സാംസണ്‍

“രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍ കാത്തിരുന്ന നിമിഷം” — സഞ്ജു സാംസണ്‍

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ച്‌ മലയാളി താരം സഞ്ജു സാംസൺ തിളങ്ങി. കൊല്‍ക്കത്തയിലെ ഏദൻ ഗാർഡൻ മൈതാനത്ത്നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിര്‍ണായകമായ ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്ന മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിലെ താരമായും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടിവന്നപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ എറിഞ്ഞ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സറാക്കി. പിന്നാലെ ഫോര്‍ നേടി ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം സമ്മാനിച്ചു.

Slide 1
Slide 2
Slide 3
Slide 4

മത്സരശേഷം സഞ്ജു സന്തോഷം പങ്കുവെച്ചു:

“ലോകം മുഴുവന്‍ സ്വന്തമാക്കിയ പോലെ തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട നാള്‍ മുതല്‍ ഞാന്‍ കാത്തിരുന്ന ദിവസമാണിത്. എന്റെ യാത്രയില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിരുന്നു. പലപ്പോഴും എന്നെത്തന്നെ സംശയിച്ചു. പക്ഷേ വിശ്വാസം കൈവിട്ടില്ല. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി,” സഞ്ജു പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം പറഞ്ഞു:

“ഈ ഫോര്‍മാറ്റ് ഏറെക്കാലമായി കളിക്കുന്നുണ്ട്. വിരാട് കോലി , രോഹിത് ശർമ പോലുള്ള ഇതിഹാസങ്ങള്‍ കളിക്കുന്നത് ഡഗ്‌ഔട്ടില്‍ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു. നല്ല കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് ലക്ഷ്യം. ആരാധകരുടെ പിന്തുണ വലിയ ഊര്‍ജ്ജം നല്‍കി. പന്ത് കൃത്യമായി നിരീക്ഷിച്ച്‌ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റൻ ചേസ് ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സെമിഫൈനലിലേക്ക് പ്രവേശിച്ചു. സെമിയില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്.