സഞ്ജുവിന്റെ താണ്ഡവം; ടി20 ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ

ഇന്ത്യൻ വിജയം 96 റൺസിന്

സഞ്ജുവിന്റെ താണ്ഡവം; ടി20 ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ

അഹമ്മദാബാദ്: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 96 റൺസിന്റെ വമ്പൻ ജയം. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ച്വറികളുടെ കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ടി20 ലോകകപ്പ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇതാണ്.

തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ഇന്ത്യയുടെ ഇന്നിംഗ്സിന് ചുക്കാൻ പിടിച്ചു. 46 പന്തിൽ എട്ട് സിക്‌സറും അഞ്ച് ഫോറുകളും ഉൾപ്പെടെ 89 റൺസ് നേടിയ സഞ്ജു വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തു. സെഞ്ച്വറിയിലേക്ക് കുതിച്ചിരുന്ന ഘട്ടത്തിലാണ് സെഞ്ച്വറിയിൽ നിന്ന് 11 റൺസ് അകലെ സഞ്ജു പുറത്തായത്.

ഫൈനലിൽ അഭിഷേക് ശർമയും മികച്ച ഫോമിലേക്ക് തിരിച്ചെത്തി. 21 പന്തിൽ മൂന്ന് സിക്‌സറും ആറു ഫോറുകളും ഉൾപ്പെടെ 52 റൺസ് നേടി അഭിഷേക് ഇന്ത്യയുടെ റൺവേഗം ഉയർത്തി. ഇഷാൻ കിഷനും ആക്രമണാത്മക ബാറ്റിംഗുമായി ശ്രദ്ധേയനായി. നാല് സിക്‌സറും നാല് ഫോറുകളും ഉൾപ്പെടെ 25 പന്തിൽ 54 റൺസാണ് ഇഷാൻ നേടിയത്.

ലോകകപ്പിൽ തുടർച്ചയായി മൂന്നാം അർധസെഞ്ച്വറി നേടുന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും 89 റൺസ് നേടിയിരുന്നു. സെമിയിലും ഫൈനലിലും അർധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും തിരുവനന്തപുരത്തുകാരൻ സ്വന്തമാക്കി.

ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ പോലും ഇടം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് ടീമിന്റെ പ്രധാന താരമായി മാറുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ മൂന്ന് അർധസെഞ്ച്വറികൾ ഉൾപ്പെടെ 321 റൺസാണ് സഞ്ജുവിന്റെ ആകെ നേട്ടം.

ഇന്ത്യൻ ഇന്നിംഗ്സിൽ ഹാർദിക് പാണ്ഡ്യ 18 റൺസും ശിവം ദുബെ 26 റൺസും നേടി. ന്യൂസിലൻഡിനായി ജെയിംസ് നീഷം മൂന്ന് വിക്കറ്റ് നേടി.ഇന്ത്യക്കായി ബുംറ 4 വിക്കറ്റാണ് നേടിയത്.

255 റൺസിന്റെ വൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ടിം സൈഫർട്ട് 26 പന്തിൽ 52 റൺസ് നേടി പോരാട്ടം നടത്തിയെങ്കിലും മറ്റു താരങ്ങൾക്ക് തിളങ്ങാൻ സാധിച്ചില്ല. ഫിൻ ആലൻ 9, റചിൻ രവീന്ദ്ര 1, ഗ്ലെൻ ഫിലിപ്സ് 5, മാർക്ക് ചാപ്മാൻ 3, ഡാരിൽ മിച്ചൽ 17 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.

തുടർച്ചയായ ലോകകപ്പ് കിരീടം നേടി ഇന്ത്യ ക്രിക്കറ്റ് ലോകത്ത് വീണ്ടും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.