നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും
ഉച്ചയ്ക്കുശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിപാടികളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
ഉച്ചയ്ക്കുശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ 17-നോടടുത്ത് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 2021ലെ തിരഞ്ഞെടുപ്പിനെപ്പോലെ മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതാണ് കമ്മിഷൻ പരിഗണിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്‌നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.





