കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; മേയ് 4ന് വോട്ടെണ്ണൽ
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 9ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മേയ് 4നാണ് വോട്ടെണ്ണൽ. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 824 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏകദേശം 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. ഇതിനായി 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്.
കേരളത്തിൽ മാത്രം 30,471 പോളിങ് സ്റ്റേഷനുകളുണ്ട്. സംസ്ഥാനത്ത് 2.70 കോടി വോട്ടർമാരാണ് വോട്ട് ചെയ്യുക. ഇതിൽ പുരുഷന്മാർ 1.31 കോടി, സ്ത്രീകൾ 1.38 കോടി, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ 277 പേർ എന്നിങ്ങനെയാണ്. 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് സംവിധാനം ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഉണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റ് പേപ്പറുകൾ രണ്ടുതവണ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിഎൽഒമാരുടേയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും പ്രതിഫലവും വർധിപ്പിച്ചിട്ടുണ്ട്.
തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലുമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം പ്രസിദ്ധീകരിക്കൽ, സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കൽ, പത്രിക പരിശോധിക്കൽ, പിന്‍വലിക്കല്‍, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം എന്നിവയ്ക്കുള്ള തീയതികളും കമ്മീഷൻ പ്രഖ്യാപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷൻ പാനലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമഘട്ടത്തിലാണ്. സിപിഎം, കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിടയുണ്ട്. ബിജെപി നാളെയോ മറ്റന്നാളോ സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.





