യുഡിഎഫ് പ്രകടനപത്രികയിൽ ക്ഷേമ പെൻഷൻ ₹3000; സ്ത്രീകൾക്ക് സൗജന്യ യാത്രയും ₹25 ലക്ഷം ഇൻഷുറൻസും

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്

യുഡിഎഫ് പ്രകടനപത്രികയിൽ  ക്ഷേമ പെൻഷൻ ₹3000; സ്ത്രീകൾക്ക് സൗജന്യ യാത്രയും ₹25 ലക്ഷം ഇൻഷുറൻസും

തിരുവനന്തപുരം: “കേരളം ജയിക്കും, യുഡിഎഫ് നയിക്കും” എന്ന മുദ്രാവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. സാധാരണക്കാർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കു മുൻഗണന നൽകുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ക്ഷേമ പെൻഷനുകൾ ₹3000 ആയി വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1000 ധനസഹായവും നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങൾ.

Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ രംഗത്ത് എല്ലാ കുടുംബങ്ങൾക്കും ₹25 ലക്ഷം വരെ പരിരക്ഷ ലഭിക്കുന്ന ‘സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് പത്രിക വ്യക്തമാക്കുന്നു. ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കുകയും ജിപ്മർ മാതൃകയിൽ ‘നോ ബിൽ’ ആശുപത്രികൾ സ്ഥാപിക്കുകയും ചെയ്യും.

വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിച്ച് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും. ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്‌ട്’ നടപ്പാക്കുകയും പ്രത്യേക മൊബൈൽ ആപ്പ് അവതരിപ്പിക്കുകയും ചെയ്യും.

യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ₹5 ലക്ഷം വരെ പലിശരഹിത വായ്പ നൽകുന്ന ‘യുവശ്രീ’ പദ്ധതി നടപ്പാക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ‘മിഷൻ സമുദ്ര’, തീരദേശ മേഖലയിൽ കോസ്റ്റൽ ഹെൽത്ത് കെയർ യൂണിറ്റുകൾ, ആശാ പ്രവർത്തകരുടെ വേതനം ₹700 ആയി ഉയർത്തൽ തുടങ്ങിയവയും പ്രധാന വാഗ്ദാനങ്ങളാണ്.

കേരളത്തെ ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ‘ബെഡ്’ അവകാശമാക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു.