കേരളത്തിൽ പോളിങ് 79.63%: സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു

കേരളത്തിൽ പോളിങ് 79.63%: സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ പോളിങ് ശതമാനം ഏകദേശം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തപാൽ വോട്ടുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. എന്നാൽ സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, അവ കൂടി ചേർത്താൽ പോളിങ് ശതമാനത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ഇ.വി.എം അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 78.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ നിന്നുള്ള വോട്ടിംഗിൽ ഇത്തവണ ഏകദേശം 97 ശതമാനം പോളിങ് ഉണ്ടായതായും അറിയിച്ചു. ഏകദേശം 53,000 സർവീസ് വോട്ടുകൾ കൂടി ചേർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തിമ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഇതിനിടെ, തിരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പോസ്റ്റൽ വോട്ടിംഗ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഏപ്രിൽ 9-നാണ് ഒരഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട കണക്കുകൾ പ്രകാരം തന്നെ ഇത്തവണ പോളിങ് ശതമാനം റെക്കോർഡുകൾ ഭേദിക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കനത്ത പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന് മുന്നണികളും അവകാശപ്പെട്ടു.