പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് ഫുൾ സ്റ്റോപ്പ്: മേയ് 1 മുതൽ രാജ്യവ്യാപക നിരോധനം

പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് ഫുൾ സ്റ്റോപ്പ്: മേയ് 1 മുതൽ രാജ്യവ്യാപക നിരോധനം

പണം നിക്ഷേപിച്ച് ലാഭം നേടുന്ന ഓൺലൈൻ ഗെയിമുകൾക്ക് മേയ് 1 മുതൽ രാജ്യത്താകെ നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഡിജിറ്റൽ ഗെയിമിംഗ് മേഖലയിലെ നിയന്ത്രണം ശക്തമാക്കുന്നതിനായുള്ള പുതിയ നിയമം ഇതോടെ പ്രാബല്യത്തിൽ വരും. 2025 ഓഗസ്റ്റിൽ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും നടപ്പാക്കൽ വൈകിയ നിയമമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

നിയമം ലംഘിച്ച് ഓൺലൈൻ മണി ഗെയിമുകൾ നടത്തുകയോ അതിന് സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കും. ആവർത്തിച്ചാൽ ശിക്ഷ അഞ്ച് വർഷം തടവും രണ്ട് കോടി രൂപ വരെ പിഴയുമായി ഉയരും. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും. ആവർത്തിച്ചാൽ മൂന്ന് വർഷം വരെ തടവും കൂടുതൽ പിഴയും ലഭിക്കും.

പുതിയ നിയമപ്രകാരം ഓൺലൈൻ ഗെയിമിംഗ് രംഗം നിയന്ത്രിക്കാൻ “ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി” രൂപീകരിക്കും. അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അധ്യക്ഷനായ സമിതിയിൽ വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടും. ഒരു ഗെയിം മണി ഗെയിമാണോ സോഷ്യൽ ഗെയിമാണോ എന്ന് നിർണയിക്കുന്ന അധികാരവും ഇതിന് ഉണ്ടായിരിക്കും.

ഇ-സ്പോർട്സ് വിഭാഗത്തിൽപ്പെടുന്ന ഗെയിമുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. പണമിടപാട് ഇല്ലാത്ത സാധാരണ ഗെയിമുകൾക്ക് വിലക്കില്ല. ഗെയിമിംഗ് നിയമലംഘനങ്ങൾ അന്വേഷിക്കാൻ ജില്ലാതല സൈബർ പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേക സൈബർ യൂണിറ്റുകൾക്കും അധികാരം നൽകും. സാധാരണക്കാർക്ക് സമീപത്തുതന്നെ പരാതി നൽകാൻ ഇതിലൂടെ സൗകര്യം ലഭിക്കും. ഗ്രാമീണ പൊലീസ് സ്റ്റേഷനുകൾക്ക് ഈ കേസുകളിൽ അന്വേഷണം നടത്താൻ അധികാരമുണ്ടാകില്ല.

ഓൺലൈൻ ഗെയിമിംഗ് മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളും ചൂതാട്ട സ്വഭാവമുള്ള പ്രവർത്തനങ്ങളും നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഗെയിമിംഗ് സംസ്കാരം വളർത്തുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.