സെൻസസ്: ആദ്യഘട്ടം ജൂലായ് 1 മുതൽ; ഡിജിറ്റൽ രീതിയിൽ വിവരശേഖരണം

സെൻസസ്: ആദ്യഘട്ടം ജൂലായ് 1 മുതൽ; ഡിജിറ്റൽ രീതിയിൽ വിവരശേഖരണം

രാജ്യത്തെ 2027 സെൻസസിന്റെ ആദ്യഘട്ടം ജൂലായ് 1 മുതൽ 30 വരെ നടക്കും. കെട്ടിടങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പാണ് ഈ ഘട്ടത്തിൽ നടത്തുക. പൂർണമായും ഡിജിറ്റൽ സംവിധാനമുപയോഗിച്ചായിരിക്കും വിവരശേഖരണം.

രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി 9 മുതൽ 28 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തുന്നതോടൊപ്പം ‘സെൽഫ് എന്യൂമറേഷൻ’ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. സെൻസസ് വെബ് പോർട്ടൽ വഴി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാം.

എന്യൂമറേറ്റർമാർ വിവരശേഖരണം ആരംഭിക്കുന്നതിന് മുൻപുള്ള 15 ദിവസമാണ് സെൽഫ് എന്യൂമറേഷനുള്ള സമയം. കെട്ടിട-വീടുകളുടെ വിവരങ്ങൾ ജൂൺ 16 മുതൽ 30 വരെ വ്യക്തികൾക്ക് പോർട്ടലിൽ സമർപ്പിക്കാം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷമാണ് വിവരങ്ങൾ നൽകേണ്ടത്.

സെൽഫ് എന്യൂമറേഷൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന ഐഡി നമ്പർ പിന്നീട് വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം. അവർ സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ച് ഡാറ്റ സെർവറിലേക്ക് ഏകോപിപ്പിക്കും.

രണ്ടു രീതികളിലും 34 ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ഉപയോഗിക്കുന്ന സാമഗ്രികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കും.

ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായിരിക്കും. വിവിധ വകുപ്പ് മേധാവികളെ ജില്ലാ, അഡീഷണൽ സെൻസസ് ഓഫീസർമാരായും ചാർജ് ഓഫീസർമാരായും നിയമിക്കും. അധ്യാപകരെ എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരുമായി നിയോഗിക്കും. ഒരു സൂപ്പർവൈസർക്കു കീഴിൽ ആറു എന്യൂമറേറ്റർമാർ ഉണ്ടാകും.

ജില്ലാതലത്തിൽ ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിക്കുമെന്നും മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം നടക്കുകയെന്നും അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോവും വികസിപ്പിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും സെൻസസായിരിക്കും 2027ലെത്.