സൂചനകൾ കേരള രാഷ്ട്രീയ ദിശയെ സ്വാധീനിക്കുമോ എന്ന് ഇന്നറിയാം : എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30 മുതൽ

തമിഴ്നാട്ടിലും ബംഗാളിലും തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ ഏപ്രിൽ 29 വൈകിട്ട് ആറുവരെ എക്സിറ്റ് പോളുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു

സൂചനകൾ കേരള രാഷ്ട്രീയ ദിശയെ സ്വാധീനിക്കുമോ എന്ന് ഇന്നറിയാം : എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30 മുതൽ

തിരുവനന്തപുരം: ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ്  പൂർത്തിയാകുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30 മുതൽ പുറത്തുവിടും. കേരളത്തിൽ അടുത്ത അഞ്ച് വർഷം ആരാകും ഭരിക്കുക എന്നതിന്റെ ദിശാസൂചികയായും ഈ ഫലങ്ങൾ വിലയിരുത്തപ്പെടുന്നു.

തമിഴ്നാട്ടിലും ബംഗാളിലും തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ ഏപ്രിൽ 29 വൈകിട്ട് ആറുവരെയായിരുന്നു എക്സിറ്റ് പോളുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മേയ് നാലിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.

ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ട്.അതിനാൽ എക്സിറ്റ് പോൾ ഫലങ്ങളിലേക്കാണ് രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എക്സിറ്റ് പോളുകൾക്ക് കൃത്യതയിൽ പരിമിതികളുണ്ടെങ്കിലും വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള പ്രധാന സൂചനകൾ നൽകുന്നവയാണ്.

സ്ത്രീകളും യുവാക്കളും വലിയ തോതിൽ വോട്ടുചെയ്ത ഈ തിരഞ്ഞെടുപ്പിൽ ജനവിധി ഏത് മുന്നണിയോടൊപ്പമാകും എന്നതിന്റെ ആദ്യ സൂചനകൾ എക്സിറ്റ് പോളുകൾ നൽകുമെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിൽ ഉത്തരേന്ത്യൻ ഏജൻസികളുടെ എക്സിറ്റ് പോളുകൾ യഥാർത്ഥ ഫലങ്ങളോട് കൂടുതൽ അടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ ശ്രദ്ധേയമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

വോട്ടെണ്ണലിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കി. മുന്നണികൾ വോട്ടുകളുടെ കണക്കെടുപ്പ് പുനഃപരിശോധിച്ച് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

ഭരണം നിലനിർത്തുമെന്ന് എൽ.ഡി.എഫ് ഉറച്ച വിശ്വാസത്തിലാണ്. മൂന്നാം തുടർഭരണമാണ് ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. 75 മുതൽ 90 വരെ സീറ്റുകൾ നേടാമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.

അതേസമയം യു.ഡി.എഫ് 100-ത്തിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന അവകാശവാദം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ആഭ്യന്തര വിലയിരുത്തലുകൾ പ്രകാരം 85 - 100 സീറ്റുകൾ വരെ ലഭിക്കാമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

ബി.ജെ.പി ഇക്കുറിയും നിയമസഭയിൽ സാന്നിധ്യം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. നേമം, ചാത്തന്നൂർ, മഞ്ചേശ്വരം, കഴക്കൂട്ടം എന്നിവിടങ്ങളിൽ വിജയ സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുന്നതോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ വ്യക്തമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.