ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് കൂടെ പാമ്പ് കടിയേറ്റു
ഇടുക്കി: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ പാമ്പുകടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവരാണ് പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.
പുലർച്ചെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പോള്‍സണിനെ പാമ്പ് കടിക്കുകയായിരുന്നു. പിന്നാലെ രാവിലെ 11ഓടെയാണ് അജയ്‌ക്കും കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന്‍ ഇനത്തില്‍പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കോട്ടയം ജില്ലയിലെ പാലായിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമപുരം സ്വദേശിനി അനിത ബാബു (54)യ്ക്ക് കാലില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി വീട്ടുവളപ്പിലായിരുന്നു സംഭവം.
ഇന്നലെ ഉച്ചയ്ക്കു രാമപുരം സ്വദേശിനിയായ ആനിയമ്മ തോമസ് (74)നും പാമ്പുകടിയേറ്റു. കള പറിക്കുന്നതിനിടെയാണ് കൈയില്‍ പാമ്പ് കടിച്ചത്. ഇരുവരുടെയും ആരോഗ്യനില സ്ഥിരമാണെന്നാണ് വിവരം.
ഇതിനിടെ, കോഴിക്കോട്ടെ കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങല്‍ പ്രദേശത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ ശംഖുവരയന്‍ പാമ്പിനെ കണ്ട വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കയറില്‍ ചുറ്റിപ്പിടിച്ച നിലയിലുണ്ടായിരുന്ന പാമ്പിനെ പിന്നീട് വനംവകുപ്പിന്റെ കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ പ്രവര്‍ത്തകന്‍ ബാബു എള്ളങ്ങല്‍ എത്തി പിടികൂടി.


