വാണിജ്യ എൽപിജി സിലിണ്ടർ വില കുത്തനെ ഉയർന്നു
രാജ്യത്ത് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരേസമയം ഇത്രയും വലിയ തോതിൽ വില വർധിപ്പിക്കുന്നത് അപൂർവമാണെന്നതാണ് ശ്രദ്ധേയമായത്.
ഇതോടെ സംസ്ഥാനത്ത് സിലിണ്ടർ വില 3000 രൂപയും കടന്നു. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.50 രൂപയുമാണ് പുതിയ നിരക്ക്.
മുൻപ് ഏപ്രിൽ ഒന്നിന് 195.50 രൂപയും, ജനുവരി ഒന്നിന് 111 രൂപയും, മാർച്ച് ഒന്നിന് 28 മുതൽ 31 രൂപ വരെയും, മാർച്ച് ഏഴിന് 115 രൂപയും വർധിപ്പിച്ചിരുന്നു. തുടർച്ചയായ വിലക്കയറ്റം വ്യാപാര മേഖലയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
അതേസമയം, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില നിലവിൽ മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ വില ഉയരും എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും, പെട്രോൾ-ഡീസൽ വില വർധന സംബന്ധിച്ച പ്രചാരണങ്ങൾ കേന്ദ്രസർക്കാർ തള്ളിയിരുന്നു.
പുതിയ വിലവർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാകും. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതിനാൽ ഭക്ഷണവില കൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. ഇതോടെ ഉപഭോക്താക്കൾക്കും കൂടുതൽ സാമ്പത്തികഭാരം നേരിടേണ്ടിവരും.


