ജനവിധി ഇന്നറിയാം : വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ
വിജയ പ്രതീക്ഷയിൽ മുന്നണികൾ
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫും, അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ യുഡിഎഫും, നിർണായക സ്വാധീനമാകാൻ ശ്രമിക്കുന്ന എന്‍ഡിഎയും ഫലപ്രഖ്യാപനത്തിനായുള്ള ആകാംക്ഷയിലാണ്.
ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളും തുടർന്ന് 8.30ഓടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിലായി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും പോലീസ് നിരീക്ഷണത്തിൽ ശക്തമായ സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ട്രെൻഡുകൾ രാവിലെ 9 മണിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഉച്ചയോടെ ഏകദേശ ചിത്രം വ്യക്തമാകുകയും വൈകുന്നേരത്തോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുകയും ചെയ്യും. ഓരോ റൗണ്ട് ഫലവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ തത്സമയം ലഭ്യമാകും.
വിവിധ സർവേകൾ എല്‍ഡിഎഫിനും യുഡിഎഫിനും ഇടയിൽ കടുത്ത മത്സരം തന്നെയാണ് പ്രവചിക്കുന്നത്. കേരളം ആരുടെ കൈയിലേക്ക് പോകുമെന്നത് ചില മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.
അതേസമയം, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളായ ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിക്കും. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നാലാം തവണയും അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിൽ ഉള്ളപ്പോൾ ബിജെപി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. 294 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനായി കടുത്ത മത്സരം തുടരുന്നു.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ-ബിജെപി സഖ്യവും ശക്തമായ പ്രതീക്ഷയിലാണ്. നടൻ വിജയ് നേതൃത്വം നല്കുന്ന ടിവികെയുടെ പ്രകടനവും ശ്രദ്ധേയമാണ്.
ആസാമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ വിജയത്തിലേക്ക് നീങ്ങുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളാണ് പുറത്തുവരുന്നത്. കോൺഗ്രസ് സഖ്യത്തിന് വലിയ സാധ്യതകൾ ഇല്ലെന്നാണ് സൂചന.
പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്–ബിജെപി സഖ്യവും കോൺഗ്രസ്–ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. നിലവിലെ സർക്കാർ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സഖ്യം.
രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്ന ഈ ദിവസം രാഷ്ട്രീയ രംഗം ഉറ്റുനോക്കുകയാണ്.


