കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു
പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍
കട്ടപ്പനയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രശാന്തനും പ്രതിയായ രമേഷ് പാണ്ഡ്യനും കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലുമായി ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപത്തെ ആക്രിക്കടയുടെ മുന്‍വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ മുന്നില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ വ്യാപാരികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രശാന്തന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ രമേഷ് പാണ്ഡ്യനെ പോലീസ് പിടികൂടിയത്.
മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.




