ആ മരണം ചികിത്സാ പിഴവോ..? ഗുരുതര ആരോപണവുമായി കുടുംബം.
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സാപ്പിഴവാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മുരിക്കാട്ടുകുടി തോരണപ്ലാക്കൽ ഗീതു ജോമോന്റെ (32) കുടുംബം രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗീതുവിന്റെ ഭർത്താവ് ജോമോൻ ടി. ജോൺ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പരാതി നൽകി.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ 25-ന് ഉച്ചയ്ക്കാണ് ശക്തമായ പനിയെ തുടർന്ന് ഗീതു കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നത്. രക്ത, മൂത്ര പരിശോധനകൾക്ക് ശേഷം ഡ്രിപ്പ് നൽകി വൈകുന്നേരത്തോടെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയതോടെ കടുത്ത ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അന്നു രാത്രി ഒൻപത് മണിയോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഗീതുവിന് ഡോക്ടറുടെ നിർദേശപ്രകാരം കുത്തിവെപ്പെടുത്തെങ്കിലും വേദനയും ശ്വാസതടസ്സവും വർദ്ധിക്കുകയാണുണ്ടായത്. വിവരം ഡോക്ടറെ അറിയിക്കുകയും മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും, വൈറൽ പനിയുടെ ലക്ഷണങ്ങൾ മാത്രമാണെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു അധികൃതരുടെ മറുപടി.
തുടർന്ന് വാർഡിലേക്ക് മാറ്റിയ ഗീതുവിന് നാല് ഗുളികകൾ നൽകുകയും വീണ്ടും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനുശേഷവും കടുത്ത ശ്വാസതടസ്സവും ശരീരം വിയർക്കുന്ന അവസ്ഥയും ഉണ്ടായി. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എത്തി പരിശോധിച്ചപ്പോഴേക്കും ഗീതു മരണപ്പെട്ടിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവും ചികിത്സാപ്പിഴവുമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആറും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മരണപ്പെട്ട ഗീതുവിനുള്ളത്.





