ഇടുക്കിയിൽ കനത്ത മഴ ; മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം – ഒരാളെ കാണാതായി
ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, വെള്ളപ്പൊക്കം എന്നിവ റിപ്പോർട്ട് ചെയ്തു. വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തൊടുപുഴയ്ക്ക് സമീപം ചള്ളാവയൽ, അടൂർമല പ്രദേശങ്ങളിൽ വലിയ തോതിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ചള്ളാവയലിലെ വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിവരികയാണ്.
കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒളമറ്റം, തെക്കുംഭാഗം മേഖലകളിൽ വെള്ളം കയറിയതായും വിവരം ലഭിച്ചിട്ടുണ്ട്.
കട്ടപ്പന–ഏലപ്പാറ റോഡിലെ ചപ്പാത്ത് ഭാഗത്ത് ആറ് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ജില്ലയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചില സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
അടിമാലി ദേവിയാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തൊടുപുഴ കുടയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സ്വദേശിനി സുമതിയെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വീട്ടിലുണ്ടായിരുന്ന ഭർത്താവിനെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു.
ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.





