കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷം; രണ്ട് മരണം, 28 വില്ലേജുകൾ ദുരിതബാധിതം

കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷം; രണ്ട് മരണം, 28 വില്ലേജുകൾ ദുരിതബാധിതം

കോട്ടയം: ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനിടെ കനത്ത മഴയെ തുടർന്ന് മഴക്കെടുതി രൂക്ഷമായി. ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയരുകയും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വാഗമൺ (314 എം.എം.), മേച്ചാൽ (218 എം.എം.), പൂഞ്ഞാർ തെക്കേക്കര (212.6 എം.എം.), പാതാമ്പുഴ (179 എം.എം.), കുമരകം (110 എം.എം.) എന്നിവിടങ്ങളിലാണ്.

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ, കൊടുങ്ങ, വാഗമൺ കുരിശുമല ഭാഗങ്ങൾ, മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, പയ്യാനിത്തോട്, തീക്കോയി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കൂട്ടിക്കൽ മേഖലയിൽ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. തീക്കോയിയിൽ 30 ഏക്കർ പ്രദേശം മണ്ണിടിച്ചിലിൽ ബാധിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മണ്ണിടിച്ചിലിൽ ജോസഫിൻ ജോണി (28), റെജിന ജോണി (48) എന്നിവർ മരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലുണ്ട്. ചങ്ങനാശേരി താലൂക്കിലെ തോട്ടക്കാട് വില്ലേജിൽ 11 വയസുകാരനായ മിലൻ കെ. ഷിനു മുങ്ങിമരിക്കുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.

ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ പാർപ്പിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലായി ആകെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിവരികയാണ്.

Slide 1
Slide 2
Slide 3
Slide 4

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4