ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
അറക്കുളം: ആഫ്രിക്കൻ ഒച്ചിന്റെ വ്യാപക ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രദേശവാസികൾ. വീടുകളുടെ ഭിത്തികൾ, വൃക്ഷങ്ങൾ, ചേന, കാച്ചിൽ, ചേമ്പ്, പാവൽ, തെങ്ങ്, മാവ് തുടങ്ങിയ കൃഷിവിളകളിലും മരങ്ങളിലും ഇവ വ്യാപകമായി കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു.
മുട്ടയിട്ട് അതിവേഗം പെരുകുന്ന ഈ ഒച്ചുകൾ കൃഷിക്കും പരിസര ശുചിത്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അറക്കുളം, മൈലാടി, ആലിൻചുവട്, കോട്ടയംമുന്നി തുടങ്ങിയ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ രൂക്ഷമായിരിക്കുന്നത്.
രാത്രികാലങ്ങളിലാണ് ഒച്ചുകൾ കൂടുതലായി സഞ്ചരിക്കുന്നത്. പകൽസമയങ്ങളിൽ മരങ്ങളിലും കരിയിലക്കൂട്ടങ്ങൾക്കടിയിലുമാണ് ഇവ ഒളിഞ്ഞുകിടക്കുന്നത്. ഉപ്പുപൊടി വിതറുകയോ തുരിശ് കലക്കി തളിക്കുകയോ ചെയ്താൽ താൽക്കാലിക നിയന്ത്രണം സാധ്യമാണെന്ന് നാട്ടുകാർ പറയുന്നു.
ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ആവശ്യമായ മരുന്ന് ലഭ്യമാക്കി കർഷകർക്ക് സഹായം ഉറപ്പാക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





