മഴക്കെടുതി: ദുരന്തനിവാരണത്തിന് എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തസാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) രണ്ട് സംഘങ്ങൾ ജില്ലയിൽ വിന്യസിച്ചു.
തൃശൂരിൽ നിന്ന് എത്തിയ 23 അംഗ സംഘത്തെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്ത് നിന്ന് എത്തിയ 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമാണ് നിയോഗിച്ചിരിക്കുന്നത്. കേരള പോലീസിന്റെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സിലെ 20 അംഗ സംഘവും തൃശൂരിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘത്തോടൊപ്പം പ്രവർത്തിക്കുന്നു.
ഇരു മേഖലകളിലും എൻ.ഡി.ആർ.എഫ് സംഘം ഇന്നലെ മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. കോട്ടയം താലൂക്കിലെ ഇറഞ്ഞാൽ, ഇല്ലിക്കൽ മേഖലകളിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്കിലെ പെരിങ്ങളം, കൈപ്പിള്ളി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായ മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി എൻ.ഡി.ആർ.എഫ് സംഘാംഗങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
കോട്ടയം മേഖലയിൽ ഇൻസ്പെക്ടർ ജി.സി. പ്രശാന്തും മീനച്ചിൽ മേഖലയിൽ ഇൻസ്പെക്ടർ അരുൺ ചൗഹാനും എൻ.ഡി.ആർ.എഫ് സംഘത്തെ നയിക്കുന്നു. ഡെപ്യൂട്ടി കമാൻഡന്റ് ശങ്കരപാണ്ഡ്യനാണ് ജില്ലയിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല വഹിക്കുന്നത്.





