ദുരന്തനിവാരണം: 24 മണിക്കൂറും ജാഗ്രതയിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ

ദുരന്തനിവാരണം: 24 മണിക്കൂറും ജാഗ്രതയിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ

കനത്ത മഴയും പ്രകൃതിക്ഷോഭ സാഹചര്യങ്ങളും തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ (ഡി.ഇ.ഒ.സി.) 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളിൽ നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളും ദുരിതബാധിത മേഖലകളിൽ നിന്ന് ഫോൺ മുഖേന ലഭിക്കുന്ന വിവരങ്ങളും അതിവേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും ഉറപ്പാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

പ്രകൃതിക്ഷോഭ സാഹചര്യം കണക്കിലെടുത്ത് കളക്ടറേറ്റിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഡി.ഇ.ഒ.സി.യുടെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. കളക്ടറേറ്റിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് ദിവസേന നൂറുകണക്കിന് ഫോൺവിളികളാണ് എത്തുന്നത്. വെള്ളപ്പൊക്കം, നാശനഷ്ടങ്ങൾ, വീടുകളിൽ വെള്ളം കയറൽ, ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യങ്ങൾ തുടങ്ങിയ പരാതികളും വിവരങ്ങളുമാണ് പ്രധാനമായും ലഭിക്കുന്നത്.

ഹസാർഡ് അനലിസ്റ്റ്, തദ്ദേശസ്വയംഭരണ വകുപ്പ് ദുരന്തനിവാരണ വിഭാഗം പ്ലാൻ കോ-ഓർഡിനേറ്റർ, റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിലവിലെ സാഹചര്യത്തിൽ ജലസേചനം, ആരോഗ്യം, തദ്ദേശസ്വയംഭരണം, മോട്ടോർ വാഹന വകുപ്പ് എന്നിവയിലെ ജീവനക്കാരും മുഴുവൻ സമയവും കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് വാഹനസഹായം, ചികിത്സ, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾ ലഭിക്കുന്നതോടെ ബന്ധപ്പെട്ട വകുപ്പുകളെ ഉടൻ സജ്ജമാക്കി സഹായം എത്തിക്കുന്നതിനുള്ള ഏകോപനം ഡി.ഇ.ഒ.സി. നിർവഹിക്കുന്നു. നദികളിലെ ജലനിരപ്പ് ജലസേചന വകുപ്പ് നിരന്തരം നിരീക്ഷിച്ച് നൽകുന്ന വിവരങ്ങൾ ഓരോ മണിക്കൂറിലും മുന്നറിയിപ്പായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതും ഈ കേന്ദ്രത്തിന്റെ ചുമതലയാണ്.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ ഓപ്പറേഷൻ സെന്ററിന് പുറമെ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് ഓപ്പറേഷൻ സെന്ററുകൾ സജ്ജമാണ്. ജില്ലാ-താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റവുമായി (ഐ.ആർ.എസ്.) സംയോജിപ്പിച്ചാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4