ആദ്യ മഴയിൽ തന്നെ കുളമായി കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേ; അശാസ്ത്രീയ നിർമ്മാണത്തിനെതിരെ വിമർശനം ശക്തം

ആദ്യ മഴയിൽ തന്നെ കുളമായി കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേ; അശാസ്ത്രീയ നിർമ്മാണത്തിനെതിരെ വിമർശനം ശക്തം

ഇടുക്കി: നിർമ്മാണം പൂർത്തിയായി ആദ്യ മഴക്കാലം പിന്നിടുമ്പോഴേക്കും കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ ഉയർന്നതായി പരാതി. കനത്ത മഴയെ തുടർന്ന് കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള ഭാഗങ്ങളിൽ പത്തിലധികം സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടായി. ചിലയിടങ്ങളിലെ വലിയ മണ്ണിടിച്ചിലുകൾ റോഡിനും സംരക്ഷണ ഭിത്തികൾക്കും ഭീഷണിയായി.

കഴിഞ്ഞ സർക്കാർ കാലത്ത് ഏറെ പ്രചാരണം നൽകി ഉദ്ഘാടനം ചെയ്ത മലയോര ഹൈവേയുടെ നിർമ്മാണഘട്ടം മുതൽ തന്നെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നുവെന്നാണ് ആക്ഷേപം. റോഡ് വീതി കൂട്ടുന്നതിനായി പല ഭാഗങ്ങളിലും ചെങ്കുത്തായി മണ്ണെടുത്തെങ്കിലും ആവശ്യമായ സംരക്ഷണ ഭിത്തികൾ നിർമ്മിക്കാത്തതാണ് ഇപ്പോഴുണ്ടായ മണ്ണിടിച്ചിലുകൾക്ക് പ്രധാന കാരണമെന്ന് ആരോപണമുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ഏലപ്പാറ, ചിന്നാർ, കരിന്തിരി, ലബ്ബക്കട എന്നിവിടങ്ങളിൽ വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസ്സപ്പെടുകയും വാഹനയാത്രികർ തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

മലയോര മേഖലയിലെ കുത്തിറക്കങ്ങളും മലഞ്ചെരിവുകളും പരിഗണിച്ച് ആവശ്യമായ രീതിയിൽ ഓടകൾ നിർമ്മിക്കാത്തതിനാൽ മഴവെള്ളം റോഡിലൂടെ തന്നെ ഒഴുകുകയാണ്. ഇതുമൂലം ചില ഭാഗങ്ങളിൽ ടാറിങ് ഇളകുകയും റോഡിന്റെ ഉപരിതലം കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കെ. ചപ്പാത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓട നിർമ്മാണം പൂർത്തിയാക്കാതെയും ചില ഭാഗങ്ങളിൽ റോഡ് വീതി കൂട്ടൽ പാതിവഴിയിൽ ഉപേക്ഷിച്ചുമാണ് കരാറുകാർ നിർമ്മാണം അവസാനിപ്പിച്ചതെന്ന പരാതിയുണ്ട്. നരിയംപാറയ്ക്ക് സമീപം നിർമ്മിച്ച ഐറിഷ് ഓടകൾ പോലും ഇതിനകം ഇളകിത്തുടങ്ങിയതും നിർമ്മാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

മലയോര ഹൈവേയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളും യാത്രക്കാരും ഉയർത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4