തോട്ടം മേഖലയിൽ കാട്ടാന ഭീതി രൂക്ഷം; പട്ടുമുടി, പട്ടുമല, രാജമുടി മേഖലകളിൽ ജനങ്ങൾ ആശങ്കയിൽ
ഇടുക്കി: തോട്ടം മേഖലയായ പട്ടുമുടി, പട്ടുമല, രാജമുടി എന്നിവിടങ്ങളിൽ ആറ് കാട്ടാനകൾ നിലയുറപ്പിച്ചതോടെ ജനങ്ങൾ ഭീതിയിലായി. തേയിലത്തോട്ടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി പകലും രാത്രിയും കാട്ടാനകളുടെ സാന്നിധ്യം തുടരുന്നത് തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും സുരക്ഷയെ ആശങ്കയിലാക്കുകയാണ്.
കൊളുന്തെടുക്കാനെത്തുന്ന തൊഴിലാളികൾക്കിടയിലേക്ക് പെട്ടെന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ഇതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജീവനും കൊണ്ടാണ് ഓടി രക്ഷപ്പെടുന്നത്. വിവരമറിഞ്ഞെത്തിയ റാപ്പിഡ് റെസ്പോൺസ് ടീം (RRT) ഉദ്യോഗസ്ഥർ ആനകളെ ഉൾവനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വനത്തിലേക്ക് മടങ്ങാതെ ജനവാസ മേഖലയിലാണ് ആനക്കൂട്ടം തുടരുന്നത്.
പ്രകൃതിക്ഷോഭവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന മേഖലയിലെ ജനങ്ങൾക്ക് വന്യമൃഗ ശല്യം കൂടി വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മഴയിൽ കൃഷിനാശം നേരിടുന്നതിനിടെയാണ് കാട്ടാന ആക്രമണവും കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്.
രാജമുടി ജനവാസ മേഖലയിലെത്തിയ മൂന്ന് കാട്ടാനകൾ നാല് ഏക്കറോളം സ്ഥലത്തെ ഏലം കൃഷി പൂർണമായും നശിപ്പിച്ചു. രാജമുടി പുതുവലിൽ താമസിക്കുന്ന നിരവധി കർഷകരുടെ ഏലം, വാഴ കൃഷികൾക്കും വ്യാപക നാശനഷ്ടമുണ്ടായി. കൃഷിയിടങ്ങളിലെ കയ്യാലകൾ ചവിട്ടിപ്പൊളിക്കുകയും ചെയ്തതായി നാട്ടുകാർ അറിയിച്ചു.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു.





