കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി; വയോധികയുടെ അഞ്ചരപ്പവൻ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ; ഭാര്യയും കസ്റ്റഡിയിൽ
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി ചക്കുപള്ളം പയ്യാനിക്കൽ മനു കുഞ്ഞുമോനാണ് അറസ്റ്റിലായത്. മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ സ്വർണമാലയാണ് മോഷണം പോയത്. വ്യാഴാഴ്ച പകൽ വീടിന് സമീപമെത്തിയ മനു മേരിക്കുട്ടിയോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി മേരിക്കുട്ടി അടുക്കളയിലേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും ചേർന്ന് സമീപപ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായ ആരെയും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സംശയകരമായ രീതിയിൽ ഒരാൾ പറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
ദിവസങ്ങൾക്ക് മുമ്പ് മനു മേരിക്കുട്ടിയുടെ വീട്ടിൽ ജോലിക്കായി എത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മേരിക്കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷണത്തിന് ശേഷം പ്രതി രക്ഷപ്പെട്ട വഴിയും ചെരുപ്പിന്റെ അടയാളവും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിന് പിന്നിൽ മനുവാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
തുടർന്ന് വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് മനുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചക്കുപള്ളം മേഖലയിൽ നേരത്തെ ഏലക്ക മോഷണം, പണം മോഷണം തുടങ്ങിയ കേസുകളിലും മനു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
മോഷണം പോയ സ്വർണമാല ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.





