രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാർക്ക് സസ്പെൻഷൻ
കണ്ണൂർ: പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രക്ഷാപ്രവർത്തകൻ ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പി.യെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് മറ്റൊരാൾക്ക് നൽകി ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശിയായ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
മൂന്ന് ദിവസത്തിന് ശേഷം പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം എംബാം ചെയ്യാതെയാണ് മണിക്കൂറുകൾ നീളുന്ന യാത്രയ്ക്ക് ഫ്രീസറില്ലാത്ത ആംബുലൻസിൽ അയച്ചത്. യാത്രയ്ക്കിടെ തൃശൂർ ചാവക്കാട് എത്തിയപ്പോൾ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ബന്ധുക്കൾ മറ്റൊരു സ്വകാര്യ ഫ്രീസർ ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.
ഫ്രീസർ സൗകര്യമുള്ള ആംബുലൻസിന് സ്വകാര്യ ആംബുലൻസ് ഉടമകൾ 25,000 മുതൽ 33,000 രൂപ വരെ ആവശ്യപ്പെട്ടിരുന്നുവെന്നും ചെലവ് കുറയ്ക്കുന്നതിനായി ഫ്രീസറില്ലാത്ത ആംബുലൻസ് അനുവദിച്ചുവെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. മൃതദേഹം വിട്ടുനൽകുന്നതിന് തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന പരാതിയും ഉയർന്നിരുന്നു.
ഇൻസിഡന്റ് കമാൻഡർ കൂടിയായിരുന്ന തഹസിൽദാർ ജില്ലാ ഭരണകൂടവുമായി കൃത്യമായി ആലോചിക്കാതെയും അടിയന്തര സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയും പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.





