മുതലക്കോടത്ത് 220 കെവി സബ് സ്റ്റേഷന് ഭരണാനുമതി
തൊടുപുഴ: ജില്ലയിൽ ആവർത്തിക്കുന്ന വൈദ്യുതി തടസങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനും ട്രാൻസ്മിഷൻ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മുതലക്കോടത്ത് പുതിയ 220 കെവി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു.
തൊടുപുഴ ട്രാൻസ്മിഷൻ സർക്കിളിന് കീഴിൽ നടപ്പാക്കുന്ന പദ്ധതിക്ക് 50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നിലവിലുള്ള 66 കെവി സബ്‌സ്റ്റേഷൻ സംവിധാനത്തിന് ഭാവിയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉയർന്ന ശേഷിയുള്ള പുതിയ ലോഡ് സെന്റർ സ്ഥാപിക്കുന്നത്.
അടുത്ത 15–20 വർഷത്തേക്ക് പ്രതിവർഷം ശരാശരി ആറ് ശതമാനം വൈദ്യുതി ലോഡ് വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സബ്‌സ്റ്റേഷൻ അനിവാര്യമായത്.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ഏകദേശം മൂന്നര ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ലോഡ് ഫ്ലോ സ്റ്റഡി റിപ്പോർട്ട്, ഫിനാൻഷ്യൽ അഡ്വൈസറുടെ റിപ്പോർട്ട്, ഡി.പി.ആർ കമ്മിറ്റി അംഗീകാരം തുടങ്ങിയ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഡയറക്ടർമാരുടെ യോഗത്തിൽ ഭരണാനുമതി ലഭിച്ചത്.
കണിയാമ്പറ്റ, അമ്പലമുകൾ സബ്‌സ്റ്റേഷനുകളിൽ നിലവിലുള്ള രണ്ട് 50 എംവിഎ ട്രാൻസ്‌ഫോർമറുകളും തൊടുപുഴ ട്രാൻസ്മിഷൻ സർക്കിളിൽ ലഭ്യമായ മൂന്ന് 5 എംവിഎ ട്രാൻസ്‌ഫോർമറുകളും പദ്ധതിയിൽ പുനരുപയോഗിക്കും.
പുതിയ സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ കുറഞ്ഞ വോൾട്ടേജ് മൂലം വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങൾ കേടാകുന്ന സാഹചര്യം കുറയ്ക്കാനും വൈദ്യുതി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കാനും സാധിക്കുമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.
തൊടുപുഴയുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തമായ വൈദ്യുതി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും പദ്ധതി നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.





