ബോട്ട് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം എത്തിച്ച് ജീവനക്കാർ
കോട്ടയം: ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രയ്ക്കിടെ കായലിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് സമയബന്ധിതമായി വൈദ്യസഹായം എത്തിച്ച് ബോട്ട് ജീവനക്കാർ. കോട്ടയം സ്റ്റേഷനിൽ നിന്നുള്ള ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയ്ക്കാണ് യാത്രാമധ്യേ അബോധാവസ്ഥയിലായത്.
ഉടൻ തന്നെ ജീവനക്കാർ യാത്രക്കാരിയെ സീറ്റിൽ കിടത്തി പ്രാഥമിക ശുശ്രൂഷ നൽകി. കോട്ടയം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദേശപ്രകാരം അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ബോട്ടിന്റെ റൂട്ട് മാറ്റി കൈനകരിയിലെ എസ്.എൻ.ഡി.പി ജെട്ടിയിൽ അടുപ്പിച്ചു.
തുടർന്ന് സമീപത്തെ ക്ലിനിക്കിൽ വിവരം അറിയിക്കുകയും ഡോക്ടറും ജീവനക്കാരും ബോട്ടിലെത്തി യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു.
യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ബോട്ട് സ്രാങ്ക് കെ.എസ്. അനൂപ്, ബോട്ട്മാസ്റ്റർ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവർ കറുപ്പൻ, ലാസ്കർമാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത്, കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി.എ. സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.





